സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 310140 കേസുകളാണ്. 93837 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 215149 പേര്‍ രോഗമുക്തി നേടുകയും 1066 പേര്‍ മരണപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തു ലക്ഷത്തില്‍ 8911 കേസുകള്‍ എന്ന നിരക്കിലാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. ദേശീയ ശരാശരി 6974 ആണ്. അതിന്റെ ഭാഗമായി നമ്മള്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്യണ്‍ 107820 ആണ്. രാജ്യത്ത് അത് 86792 മാത്രമാണ്. രോഗവ്യാപനം ശക്തമായെങ്കിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ് കേരളത്തില്‍. കേസ് ഫറ്റാലിറ്റി റേറ്റ് ഇന്ത്യയില്‍ മൊത്തത്തില്‍ 1.6 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തിലത് 0.34 ശതമാനം മാത്രമാണ്. രാജ്യത്ത് പത്തു ലക്ഷത്തില്‍ 106 പേര്‍ മരണപ്പെട്ടപ്പോള്‍ കേരളത്തില്‍ അത് 31 മാത്രമാണ്. മുന്‍പ് വിശദീകരിച്ചതു പോലെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവിന്റെ ഫലമായാണ് ഇവിടെ മരണ സംഖ്യ കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.