ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച അമ്മ ഭാരവാഹി ഇടവേള ബാബുവിനെതിരെയും താര സംഘടനക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സംവിധായിക അഞ്ജലി മേനോന്‍. സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഈ നിശബ്ദത അപകടകരമാണ്. സംഘടന എന്തുകൊണ്ട് ഇടവേള ബാബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നില്ലെന്നും അഞ്ജലി ചോദിക്കുന്നു. ബ്ലോഗിലാണ് അഞ്ജലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍

ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവള്‍ ശാരീരികമായി മാത്രമല്ല ആക്രമിക്കപ്പെടുന്നത്, മാനസികമായി കൂടെ അതവളില്‍ ആഘാതമുണ്ടാക്കുന്നു. പേരില്ലാതെ, മുഖമില്ലാതെ, കേള്‍ക്കപ്പെടാതെ.. ഈ ഘട്ടത്തില്‍ പലരും തളര്‍ന്ന് സ്വയം അപ്രത്യക്ഷരാകുന്നു. പക്ഷേ ഇവിടെ അവള്‍ ശബ്ദമുയര്‍ത്താനും നീതിക്കായി പൊരുതാനും തീരുമാനിച്ചു. ശക്തരായവര്‍ക്കെതിരെയാണ് അവളുടെ പോരാട്ടം. അതിജീവിച്ചവളെ മരിച്ചവളോട് താരതമ്യം ചെയ്യുന്നത് തികച്ചും അപലപനീയമാണ്.

2017ല്‍ ഡബ്ല്യു.സി.സി രൂപീകരിച്ചപ്പോള്‍ സിനിമാ മേഖലയില്‍ ഇതൊക്കെ എന്തിന് പലരും ചോദിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അതിനുള്ള ഉത്തരം നല്‍കുന്നുണ്ട്. ടെലിവിഷന്‍ ചര്‍ച്ചകളിലും ഷോകളിലും വാട്സ് ആപ്പ് സന്ദേശങ്ങളിലുമെല്ലാം സ്ത്രീകളെയും അതിജീവിച്ചവരെയും മഞ്ഞക്കണ്ണുമായി അധിക്ഷേപിച്ചു. എന്താണ് തമാശ, എന്താണ് അധിക്ഷേപം എന്ന് പോലും തിരിച്ചറിയാതെ അധിക്ഷേപിച്ചവരെ പലരും ന്യായീകരിച്ചു. സിനിമാ മേഖലയിലുള്ളവര്‍ അവരെ തിരുത്തിയോ? അച്ചടക്ക നടപടിയെന്ന പ്രശസ്തമായ സംഗതി അത്തരക്കാര്‍ക്കെതിരെ ഉണ്ടായോ?

സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്ര മേഖല മുദ്രകുത്തപ്പെടാതിരിക്കണമെങ്കില്‍ നിങ്ങള്‍ മൌനം വെടിയണം. അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍, ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. തെറ്റുകളോട് നിശബ്ദത പാലിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും?

സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിട്ടാലോ ഐക്യപ്പെട്ടാലോ തീരുന്നതല്ല. തുല്യതക്കായുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് വേണ്ടത്. തൊഴിലിടങ്ങളിലെ വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. സഹാനുഭൂതി വേണം. അതല്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും (കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ എല്ലാം തികഞ്ഞവനെന്ന് സ്വയം കരുതുന്ന സ്ത്രീവിരുദ്ധനായ കഥാപാത്രം). അസംഘടിതമായി ഈ തൊഴില്‍ മേഖലയില്‍ എല്ലാവരുടെയും ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താന്‍ കഴിയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ നാശമുണ്ടാകും.

മലയാള സിനിമയ്ക്ക് പുരോഗനമപരവും തുറന്ന ചിന്താഗതിയുടേതുമായ ഒരു ചരിത്രമുണ്ട്. ആ ചരിത്രം നമ്മള്‍ വീണ്ടെടുക്കണം. പുതിയ ശബ്ദങ്ങളും അഭിരുചികളുമൊക്കെ മലയാള സിനിമയില്‍ ഉണ്ടാകുന്നുണ്ട്. ഇരുണ്ട വശങ്ങള്‍ കണ്ടെത്തി വിളക്ക് തെളിയിക്കാന്‍ കൂടി നമുക്ക് കഴിയണം.