അലബാമ ∙ അലബാമ സംസ്ഥാനത്തെ ജയിലിൽ ഏറ്റവും കൂടുതൽ വർഷം വധശിക്ഷക്കു ശിക്ഷിക്കപ്പെട്ട് കിടന്നിരുന്ന പ്രതി ആർതർ പി. ഗിൽസ് (69) മരിച്ചു. സെപ്റ്റംബർ 30ന് ഗിൽസ് നുമോണിയ ബാധിച്ചു മരിക്കുമ്പോൾ 40 വർഷമാണ് ഇയാൾ വധശിക്ഷയും പ്രതീക്ഷിച്ചു ജയിലിൽ കഴിഞ്ഞത്.

ഓരോ തവണയും വധശിക്ഷക്കുള്ള തിയതി നിശ്ചയിക്കുമ്പോൾ നൽകിയ അപ്പീലുകൾ പരിഗണിച്ചു വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. 1979 ൽ രണ്ടുപേരെ വധിച്ച കേസിൽ ശിക്ഷിക്കപ്പെടുമ്പോൾ ഗിൽസിന്റെ പ്രായം 19. ഗിൽസും കൂട്ടുപ്രതി ആരൺ ജോൺസ് അലബാമയും സ്ലോങ്ങ് കൗണ്ടിയിൽ താമസിക്കുന്ന നെൽസന്റെ വീട്ടിൽ കയറി കവർച്ച നടത്തുകയും നെൽസനേയും ഭാര്യയേയും വെടിവെച്ചു കൊല്ലപ്പെടുത്തി. മാത്രമല്ല ഇവരുടെ മൂന്നു കുട്ടികളേയും നെൽസന്റെ മാതാവിനേയും വെടിവെച്ചുവെങ്കിലും അവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

കേസിൽ ഇരുവർക്കും മരണശിക്ഷയാണ് വിധിച്ചത്. കൂട്ടുപ്രതിയുടെ വധശിക്ഷ 2007 ൽ നടപ്പാക്കിയിരുന്നു. ജയിൽവാസത്തിനിടയിൽ 2018 ൽ ഗിൽസിന് തലച്ചോറിലും ശ്വാസകോശത്തിലും കാൻസർ ബാധിച്ചു. ജയിലിലുള്ള ജീവിതം ഗിൽസനെ മറ്റൊരു മനുഷ്യനാക്കിയിരുന്നു. ചെയ്തുപോയ കുറ്റങ്ങൾ ഏറ്റുപറഞ്ഞും മറ്റുള്ളവർക്ക് സ്നേഹം പകർന്നു കൊടുത്തും ജയിലധികൃതരുടേയും മറ്റു തടവുകാരുടേയും ശ്രദ്ധ ഗിൽസ് പിടിച്ചുപറ്റിയിരുന്നു.