ന്യൂയോർക്ക് ∙ പെൻസിൽവാനിയിലെ ജോൺസ് ടൗണിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു: ‘എക്കാലത്തെയും ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് (മുൻ വൈസ് പ്രസിഡന്റ്) ബൈഡൻ. അങ്ങനെ ഒരാളിനോട് തോൽക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാവാൻ കഴിയുമോ ? അത് തികച്ചും അവിശ്വസനീയമായിരിക്കും’. അവിശ്വസനീയമാത് സംഭവിച്ചേക്കാമെന്ന് സർവേകൾ പറയുന്നു.

ട്രംപ് പെൻസിൽവേനിയയിൽ റാലി നടത്തുവാൻ കാരണമുണ്ട്. ഇലക്ടറൽ കോളേജ് വോട്ടുകളാൽ സമ്പന്നമാണ് സംസ്ഥാനം. കൊറോണ വൈറസ് പിടിപെട്ടതിനുശേഷം നടത്തുന്ന രണ്ടാമത്തെ റാലിയിൽ ട്രംപ് ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഒരു മണിക്കൂർ നീണ്ട പ്രസംഗം കേട്ടു നിന്നവരിൽ പലരും മാസ്ക് ധരിച്ചിരുന്നില്ല. താനുമായി ബന്ധപ്പെടുന്നവർക്ക് രോഗം പകരില്ല എന്ന് അവകാശപ്പെട്ട് ധൈര്യപ്പെടുന്നവരെ ചുംബിക്കുവാൻ തയാറാണെന്ന് ട്രംപ് അറിയിച്ചു.

മറുവശത്ത് ബൈഡനും ഇലക്ടൊറൽ വോട്ടുകൾ ധാരാളമുള്ള സംസ്ഥാനങ്ങളിൽ പ്രചരണം ശക്തമാക്കി. ഫ്ലോറിഡയിൽ മുതിർന്ന വോട്ടർമാർക്കിടയിലായിരുന്നു പ്രചരണം. ഫ്ലോറിഡ ട്രംപിന് നിർണായകമാണ്. ഫ്ലോറിഡ പിടിക്കുകയാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. ട്രംപിന് താൽപര്യമുള്ള ഏക മുതിർന്ന പൗരൻ ട്രംപ് മാത്രമാണ്. വീണ്ടും വീണ്ടും ട്രംപ് മാസ്ക് ധരിക്കാത്തതിനെ വിമർശിച്ചതിനുശേഷം ബൈഡൻ രണ്ട് മാസ്കുകൾ ധരിച്ചു. ഒരു എൻ 95ന് മുകളിൽ ഒരു ബ്ലൂ സർജിക്കൽ മാസ്കും ബൈഡൻ ധരിച്ചു. അങ്ങനെയാണ് ഫ്ലോറിഡയിൽ പ്ലെയിനിൽ നിന്നിറങ്ങിയത്. അതിനുശേഷം ഒരു മാസ്ക്ക് ഊരി മാറ്റി.

ഫണ്ട് വരുന്നു, പ്രചാരണം തകർക്കുന്നു

ന്യൂയോർക്ക് ബില്യണയറും മുൻ മേയറുമായ മൈക്ക് ബ്ലൂംബെർഗ് മയാമി ഡേഡ് കൗണ്ടിയിലെ ബൈഡന്റെ പ്രചരണം ഊർജ്ജിതപ്പെടുത്തുന്നതിന് 5 ലക്ഷം ഡോളർ നൽകി. കേംബ്രിയ കൗണ്ടിയിലെ ജോൺസ് ടൗൺ എയർപോർട്ടിനടുത്തായിരുന്നു ട്രംപിന്റെ പ്രചരണം. പരമ്പരാഗതമായി ഒരു കൽക്കരി മേഖലയാണ്. 2008 ൽ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കു നേരിയ ഭൂരിപക്ഷം നൽകിയിരുന്നു. 2017 ൽ 37 പെർസെന്റേജ് പോയിന്റിന് ട്രംപിനെ വിജയിപ്പിച്ചു.

ബൈഡൻ ജനിച്ചത് ജോണൺസ് ടൗണിന് 220 മൈൽ അകലെയുള്ള സ്ക്രാന്റണിലാണ്. കഴിഞ്ഞ മാസം ബൈഡൻ ജോൺസ് ടൗണിൽ പ്രചരണം നടത്തി. ബൈഡന്റെ പ്രചരണ സംഘം ഫ്ലോറിഡയുടെ 29 ഇലക്ടറൽ വോട്ടുകൾ നേടിയില്ലെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന് കരുതുന്നു. പെൻസിൽവേനിയ നേടുമെന്ന് ഉറപ്പിച്ച് പറയുന്നു. ഈ സംസ്ഥാനം നഷ്ടപ്പെട്ടാൽ ബൈഡന്റെ ഭൂരിപക്ഷം ഗണ്യമായി കുറയും.