എന്തിനീ തുലാമാസ രാവുകളിലെന്നും
എന്നെ ഉണർത്തുവാനെത്തുന്നു നീ സഖീ
നിന്നെ എനിക്കേറെ ഇഷ്ടമെന്നാലും
ചില നേരങ്ങളിൽ നീയെനിക്കന്യയല്ലോ

വന്നിടാം ഏകയായ് നിനക്കെന്നരികിൽ
പിന്നെ എന്തിനായ് കൂട്ടുന്നു ഇടിമിന്നലെ
ഭയമാണെനിക്കെന്നും നിൻ കൂട്ടുകാരെ
വന്നിടൂ തനിയെയെൻ ജനലരികിൽ..

ഉച്ചതിരിയുന്ന നേരം മുതൽക്കു നീ
ഒച്ചയുണ്ടാക്കി എൻ വാതിൽ പഴുതിൽ
പമ്മിപ്പതുങ്ങി നിൽക്കുന്നതെന്തിനായ്
എന്തു സ്വകാര്യം പറയുവാനാണു ചൊല്ലു

ഒച്ചയുണ്ടാക്കി അലച്ചാർത്തു പെയ്യുമ്പോഴും
ഒരു നേർത്ത സംഗീതമായ് വന്നിടുമ്പോഴും
ഇലമർമ്മരമായി കാതിലെത്തുമ്പോഴും
നിന്നെ എനിക്കേറെ ഇഷ്ടം സഖീ..

അലച്ചാർത്തു പെയ്യുന്ന നേരങ്ങളും
പ്രണയാമായ് പൊഴിയുന്ന മൗനരാഗങ്ങളും
നിറയുന്ന മിഴികളെ കാണാതിരിക്കുവാൻ
മറയ്ക്കുന്നു കാഴ്ചകൾ, നമ്മളൊരുപോലെ സഖീ

നീ മാത്രമാണെന്റെ ഏകാന്ത രാവുകളിൽ
ഉണർത്താനും പിന്നെ നേർത്ത സംഗീതമായ്
കാതുകളിലിമ്പമായ്, തണുവിൻ കൈകളാൽ
തഴുകിഉറക്കാനുമെത്തുന്ന കൂട്ടുകാരി..

ഇവിടെയീ നോവിൻ കിടക്കയിൽ നിദ്രയില്ലാതെ
തിരിഞ്ഞും മറിഞ്ഞും സമയം കളയവേ
എന്റെ ജാലക വാതിലിൽ എന്നെത്തിരയുന്ന
നിൻമിഴികളിൽ കാണുന്നു കനിവിന്റെ ഭാവം

ഏറെയിഷ്ടം നിന്നരികത്തിരുന്നു നിൻ
തുള്ളിത്തുളുമ്പുന്ന ചേലുകാണാൻ
കൈക്കുമ്പിളിൽ കോരി എൻമെയ്യോടു
ചേർത്ത് നിന്നെയൊന്നോമനിക്കാൻ..

നീ മെല്ലെ അരികിൽ അണഞ്ഞെന്നെ
പുൽകുമീ നേരം എൻ ജന്മം സഫലം..
പിരിയാതെ നാമൊന്നായ് ചേരും യാമം
മണ്ണും മനസ്സും കുളിരുമീ നേരം സഖീ..