ആലപ്പുഴ: സംസ്ഥാനത്ത് മരുന്നുകളുടെ വില കുത്തനെ വര്‍ധിച്ചു, പൊതു വിപണിയില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപയുടെ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കേന്ദ്രം അവസാനിപ്പിച്ചതും , ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്ക് വര്‍ഷം തോറും 10 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കാനുള്ള അനുവാദമുള്ളതും സംസ്ഥാനത്ത് മരുന്നുകളുടെ വില കൂടാന്‍ കാരണമായിരിക്കുകയാണ് .

രോഗികള്‍ക്ക് ആശ്വാസമായിരുന്ന ജന്‍ ഔഷധി സ്റ്റോറുകളില്‍ ഉള്‍പ്പെടെ വില കൂടുന്നത് ഇപ്പോള്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വിലയില്‍ വര്‍ഷം തോറും പത്ത് ശതമാനം വര്‍ദ്ധനവ് വരുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടിയുടെ അനുവാദമുണ്ടന്നാണ് പറയുന്നത് . ഇതാണ് വില വര്‍ദ്ധനവിനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ ആഭ്യന്തര ഉത്പാദനം കൂട്ടിയത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.