വാഷിങ്ടൻ ∙ കൈയിൽ കിട്ടിയ തോക്കിൽ നിന്ന് അബദ്ധത്തിൽ തലക്ക് വെടിയേറ്റു കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസ്സുകാരനാണു ദാരുണമായി മരിച്ചത്. വാഷിങ്ടൻ കൗണ്ടി ഷെറിഫ് ഓഫിസാണ് ഇതു സംബന്ധിച്ചു വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.

ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറിൽ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസ്സുകാരൻ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ വീട്ടുകാർ 911 വിളിച്ചു. പൊലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.
മാതാപിതാക്കളിൽ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോൺ കോളുകൾ ലഭിക്കുമ്പോൾ എത്രയും വേഗം സംഭവ സ്ഥലത്ത് എത്തിച്ചേർന്നാലും ജീവൻ രക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് വാഷിങ്ടൻ കൗണ്ടി ഡെപ്യൂട്ടി ഷാനൻ വൈൽഡ് പറയുന്നത്.

അമേരിക്കൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് പറയുന്നത് അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളിൽ തോക്കുകൾ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറുണ്ടെന്നുമാണ്.

2019 ൽ 241 ഷൂട്ടിംഗുകളാണ് കുട്ടികളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 100 കുട്ടികൾ മരിക്കുകയും 150 കുട്ടികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. തോക്കെടുത്തു കുട്ടികൾ കളിക്കുന്നതു മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യർഥന.