യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോപ്പുലർ (സാധാരണ വോട്ടർമാരുടെ) വോട്ടുകളെക്കാൾ പ്രധാനം ഇലക്ടറൽ കോളജ് വോട്ടുകൾക്കാണ്. പ്രസിഡന്റാവുന്ന വ്യക്തിക്ക് 538 ഇലക്ടൊറൽ വോട്ടുകളുടെ ഭൂരിപക്ഷമായ 270 വോട്ടുകൾ ലഭിച്ചാൽ മതി. എത്ര പോപ്പുലർ വോട്ടുകൾ നേടി എന്നത് പ്രശ്നമേ അല്ല. യുഎസിന്റെ ജനപ്രതിനിധി സഭയിൽ 435 അംഗങ്ങളുണ്ട്. ഈ സംഖ്യയോടൊപ്പം 50 സംസ്ഥാനങ്ങളുടെ 100 സെനറ്റർമാർ, ഡിസ്ട്രിക്ട് ഓഫ് കൊളംബിയയ്ക്കു നൽകിയിരിക്കുന്ന 3 ഇലക്ടൊറൽ വോട്ടുകൾ – അങ്ങനെ മൊത്തം 538 ഇലക്ടൊറൽ വോട്ടുകൾ.

നെബ്രാസ്ക, മെയിൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള 48 സംസ്ഥാനങ്ങളിലെ ഇലക്ടൊറൽ വോട്ടുകൾ ‘വിന്നർ ടേക്ക്സ് ഓൾ’ എന്ന തത്വമനുസരിച്ച് പ്രസിഡന്റ് സ്ഥാനാർഥിക്ക് ലഭിക്കുന്നു. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷം കോൺഗ്രഷനൽ ഡിസ്ട്രിക്ടുകളും നേടുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തിന് അവകാശപ്പെട്ട രണ്ട് ഇലക്ടറൽ കോളേജ് വോട്ടുകളും ലഭിക്കുന്നു. നെബ്രാസ്കയിലും മെയിനിലും ഓരോ പ്രസിഡന്റ് സ്ഥാനാർഥിക്കും ലഭിച്ച വോട്ടുകളുടെ അനുപാതത്തിൽ ഇലക്ടറൽ വോട്ടുകൾ വിഭജിച്ച് നൽകുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അഞ്ചായി തിരിക്കാം. പ്രൈമറികളും കോക്കസുകളുമാണ് ആദ്യപടി. ഇങ്ങനെ ഓരോ പാർട്ടിയും അവരുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നു. നാഷനൽ കൺവൻഷനാണ് അടുത്ത ഘട്ടം. ഇവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഇലക്ടേഴ്സിനെയും ഇവിടെ നോമിനേറ്റ് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് പ്രചരണമാണ് മൂന്നാമത്തെ ഘട്ടം. ഇപ്പോൾ യുഎസ് കടന്നു പോകുന്നത് ഈ ഘട്ടത്തിലൂടെയാണ്. ഏർളി വോട്ടിങ്ങും നവംബർ 3ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമാണ് നാലാംഘട്ടം. അഞ്ചാമത്തേതും അവസാനത്തേതുമാണ് ഇലക്ടൊറൽ കോളജിന്റെ പ്രസക്തി. നവംബർ 3 മുതൽ ജനുവരിയിൽ ഇലക്ടൊറൽ കോളജ് സമ്മേളിക്കുന്നതുവരെ ഇലക്ടറൽ കോളേജ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കും.

ഇലക്ടറൽ കോളജ് വോട്ടുകളുടെ ഭൂരിപക്ഷം (270) നേടുന്ന സ്ഥാനാർഥിയാണ് വിജയി ആകുക. എന്നാൽ 2 സ്ഥനാർത്ഥികൾക്കും 269 വോട്ടുകൾ വീതമാണ് ലഭിക്കുന്നതെങ്കിലോ ? ഇതിനാണ് ഹൗസ് സ്പീക്കർ നാൻസി പെലോസി പുതിയ ഫോർമുലയുമായി മുന്നോട്ടു വന്നിരിക്കുന്നത്.

സഭയിൽ ഭൂരിപക്ഷം ഡമോക്രാറ്റുകൾക്കാണ്. എന്നാൽ 50 സ്റ്റേറ്റുകളുടെ ഡെലിഗേഷനുകളിൽ ഭൂരിപക്ഷവും നയിക്കുന്നത് റിപ്പബ്ലിക്കനുകളാണ്. യുഎസ് ഭരണഘടനയുടെ 12–ാം ഭേദഗതിയിൽ ഇലക്ടറൽ കോളേജ് ഡെഡ്‌ലോക്ക് ആവുകയാണെങ്കിൽ 50 സംസ്ഥാനങ്ങൾക്കും ഓരോന്ന് വീതം വോട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാൻ ഉപയോഗിക്കുവാൻ അവകാശമുണ്ട്. ഹൗസ് മെജോറിറ്റി–26 സംസ്ഥാനങ്ങളുടെ വോട്ടുകളിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാൻ കഴിയും. 26 സംസ്ഥാനങ്ങളിൽ തങ്ങൾക്ക് ഭൂരപിക്ഷം നേടാൻ കഴിയുമെന്ന് പെലോസി കരുതുന്നു. അതിനായി മൊണ്ടാന, മിനിസോട്ട, പെൻസിൽവാനിയ, ഫ്ലോറിഡ, മിഷിഗൺ, അലാസ്ക എന്നീ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ അവർ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ഭരണഘടന തയാറാക്കിയപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ജനസംഖ്യാ ഭേദമെന്യേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കാളിത്തം നൽകുവാനാണ് ഇലക്ടറൽ കോളേജ് രൂപീകരിച്ചതെന്ന് ഭരണഘടന വിദഗ്ദ്ധർ പറയുന്നു. ചില പ്രസിഡന്റുമാർ തിരഞ്ഞെടുക്കപ്പെട്ടത് ഇലക്ടറൽ കോളജ് വോട്ടുകളുടെ ബലത്തിലാണ്. 2016 ൽ പ്രസിഡന്റ് ട്രംപ് വിജയിച്ചതും ഇലക്ടറൽ കോളേജ് വോട്ടുകളുടെ നേട്ടത്തിലാണ്.

ഇപ്രാവശ്യവും ജനപിന്തുണ താഴുന്നതായി സർവേകൾ പറയുമ്പോഴും ട്രംപിന്റെ പ്രതീക്ഷ ഇലക്ടറൽ കോളേജ് വോട്ടുകളിലാണ്. മധ്യ യുഎസിലെ റസ്റ്റിക് അയൺബെൽറ്റിലെ വോട്ടർമാർ കഴിഞ്ഞ തവണത്തെ പോലെ ഇപ്രാവശ്യവും തന്നെ പിന്തുണയ്ക്കുമെന്ന് ട്രംപ് കരുതുന്നു. അങ്ങനെ ഇലക്ടറൽ കോളേജ് വോട്ടുകളുടെ മാജിക്ക് നമ്പരായ 270 വീണ്ടും നേടാനാകും എന്നാണ് പ്രതീക്ഷ.