ഡാലസ്∙ സെപ്തംബർ 26, 2020 ശനിയാഴ്ച കേരളാ ലിറ്റററി സൊസൈറ്റി നടത്തിയ സാഹിത്യസല്ലാപ സമ്മേളനത്തിൽ അമേരിക്കയിലെ പ്രമുഖ പ്രവാസി സാഹിത്യകാരനായ എബ്രഹാം തെക്കേമുറി കെഎൽഎസ്സിന്റെ ഈ വർഷത്തെ സാഹിത്യ അവാർഡ്‌ എറ്റുവാങ്ങി. അമേരിക്കയിലെ ആദ്യകാല നോവലിസ്റ്റ്, കവി, സാമൂഹ്യപ്രവർത്തകൻ, പ്രവാസി സംഘാടകൻ എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറി ഡാലസിൽ താമസ്സിക്കുന്നു.ഗ്രീൻകാർഡ്‌, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണകുരിശു് തുടങ്ങിയവയാണു പ്രധാനകൃതികൾ.

മീനു എലിസബത്ത് മോഡറേറ്റർ ആയിരുന്ന ഈ സാഹിത്യസല്ലാപത്തിൽ സർവശ്രീ ജെ മാത്യൂസ്, ജോൺ മാത്യു, ജോർജ് ജോസഫ് ( ഇ മലയാളി), ജോസൻ ജോർജ്, ഡോ. ജോർജ് എം കാക്കനാട്ട്, മനോഹർ തോമസ്‌, എം ഏസ് ടി നമ്പൂതിരി, ജോസ് ഓച്ചാലിൽ, സിജു ജോർജ്, റോസമ്മ ജോർജ്, തുടങ്ങിയവർ പങ്കെടുത്തു തെക്കേമുറിക്കു ആശംസകൾ അർപ്പിച്ചു. എഴുത്തുകാരായ പോൾ സക്കറിയ, ബെന്യാമിൻ എന്നിവർ സന്ദേശങ്ങൾ നൽകി.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാലസിൽ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ കെഎൽഎസ് സംഘടിപ്പിക്കുന്നുണ്ട്‌. സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ടായിരുന്നു. കെഎൽഎസ് ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ കെഎൽഎസ്‌ പ്രവർത്തകസമിതി മാസംതോറും സംഘടിപ്പിക്കും. ഒക്റ്റോബർ 30 ശനിയാഴ്ച നടക്കുന്ന കേരളപ്പിറവി- ബാലസാഹിത്യ ചർച്ച സൂം പരിപാടിയിൽ പങ്കുചേരാൻ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റിയുടെ പേരിൽ പ്രസിഡന്റ്‌ സിജു വി ജോർജ് സ്വാഗതം ചെയ്തു.