ബംഗാളി നടി മിഷ്തി മുഖർജിയുടെ മരണവാർത്തയെ കുറിച്ച് നാമെല്ലാം കേട്ടതാണ്. എന്നാൽ താരത്തിനെ മരണത്തിലേക്ക് നയിച്ച കാരണമാണ് എല്ലാവരെയും ഞെട്ടിച്ചത്. നടി ശരീരഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റ് പിന്തുടർന്നിരുന്നു. ഇത് വൃക്കയുടെ തകരാറിലേക്ക് നയിച്ചെന്നും തുടർന്ന് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ മരണത്തിലേക്ക് നയിക്കുകയായിരുന്നെന്നുമാണ് താരത്തിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്

ശരീര ഭാരം കുറയ്ക്കാനായി ആളുകൾ തെരഞ്ഞെടുക്കുന്ന രീതിയാണ് കീറ്റോ ഡയറ്റ്. കാർബോ ഹൈഡ്രേറ്റിൽ ( അന്നജം) നിന്നുള്ള ഊർജത്തിന്റെ വളരെ കുറച്ചും കൊഴുപ്പിൽ നിന്നുള്ള ഊർജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമീകരണമാണിത്. കീറ്റോ ഡയറ്റിൽ ശരീരത്തിനാവശ്യമായ ഊർജത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് കൊഴുപ്പിൽ നിന്നാണ്.

അമിതഭാരം കുറയ്ക്കാനായി പലരും കീറ്റോ ഡയറ്റ് പിന്തുടരുന്നുണ്ട്. മൂന്ന് മാസത്തിനുള്ളിൽ 10 മുതൽ 12 കിലോവരെയൊക്കെ കുറയ്ക്കാൻ കീറ്റോ ഡയറ്റിലൂടെ കഴിയും. എന്നാൽ ശരീരം ആവശ്യപ്പെടുന്നത്ര ഭാരമേ കുറയ്ക്കാൻ പാടുള്ളൂ എന്നും ചെറിയ സമയത്തിനുള്ളിൽ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓർമിച്ചായിരിക്കണം കീറ്റോ ഡയറ്റ് പിന്തുടരേണ്ടത്.

കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതൽ 20 ശതമാനം വരെ മാത്രം ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീൻ, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദര പ്രശ്‌നങ്ങൾക്കും കാരണമാകും.

സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ് ഇതിനു പരിഹാരം. സൈക്ലിക് കീറ്റോയിൽ അഞ്ചു ദിവസം അന്നജം ഒഴിവാക്കുക. തുടർന്ന് രണ്ടു ദിവസം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കീറ്റോ ഡയറ്റിൽ ഉൾപ്പെട്ട കാർബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. പരിപ്പുകൾ, ധാന്യങ്ങൾ ഇവ ഒഴിവാക്കണം. ചില പയർ വർഗങ്ങൾ ഉൾപ്പെടുത്താം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം.

മിതമായ അളവിൽ മോര് കഴിക്കാം .പാലുൽപ്പന്നങ്ങളിൽ അന്നജം ഉണ്ട്. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാൻ തോന്നിയാൽ വല്ലപ്പോഴും അൽപം ഡാർക്ക് ചോക്ലേറ്റ് ആകാം. കാൽസ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.