ഹരിദ്വാർ-ഹൃഷികേശ് അതൊരു സ്വപ്നമായിരുന്നു.
കുട്ടിക്കാലത്ത് മുത്തശ്ശിയിൽ നിന്നും കേട്ട കഥകളിൽ മനസ്സിൽ ഏറെ പതിഞ്ഞ രണ്ടു സ്ഥലപ്പേരുകൾ..
വായന പരന്ന കാലത്താണ് കൂടുതൽ അറിയാൻ കഴിഞ്ഞത്. ഹൃഷികേശ് അഥവാ ഋഷികേശ് ഉത്തരഖാണ്ഡിലെ പർവതനിരകളായ ഗർവാൾ ഹിമാലയത്തിന്റെ ഗേറ്റ് വേ എന്നും യോഗയുടെ ലോകതലസ്ഥാനം എന്നും ഒക്കെ അറിയപ്പെടുന്ന സ്ഥലം. ഹരിദ്വാറിൽ നിന്നും ഏകദേശം 25 കിലോമീറ്റർ അകലം മാത്രം.
ഇൻഡ്യയുടെ രണ്ട് പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ, പൈതൃക നഗരങ്ങൾ.
അറിവ് കൂടിയപ്പോൾ ഈ സ്ഥലങ്ങൾ കാണുക എന്നത് ആഗ്രഹങ്ങളിൽ പ്രഥമ സ്ഥാനം കരസ്ഥമാക്കി..
കൗമാരം വിട്ട് യവ്വനത്തിന്റെ തീഷ്ണതയിൽ കൗമാരത്തിലെ സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോൾ ആഗ്രഹത്തിന് മറ്റൊരു ഭാഷ്യം വന്നു.
യാത്രയിൽ കൂടെ കൂട്ടാൻ ഒരാളുകൂടി ആയല്ലൊ എന്ന്.
ഇപ്പോൾ ഋഷികേശ് എത്തിയിരിക്കുന്നു.. തനിച്ച്.. കൂടെ കൂട്ടാനിരുന്ന ആളില്ലാതെ.. തനിച്ച്..
തനിച്ചുള്ള യാത്രയിലെ പതിയിരിക്കുന്ന അപകടം അറിയാഞ്ഞിട്ടല്ല..
ഇനിയും കാത്തിരിക്കാൻ കഴിയില്ല എന്നു തോന്നിയതിനാലാണ്..
ഉടുത്തിരുന്ന കോട്ടൻ സാരിയുടെ തലപ്പ് ഒന്നു കൂടി വലിച്ചു പുതച്ച് ചുറ്റുപാടും നോക്കി..
ഡൽഹിയിൽ നിന്നും തീർത്ഥാടക സംഘത്തിൽ നിന്നും കൂട്ടു കിട്ടിയ മലയാളികളായ ദമ്പതികളോടൊപ്പം കൂടിയതിനാൽ താമസം ശരിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായില്ല.
നാരയണൻ- ശാരദ ദമ്പതികൾ ഇവിടെ സ്ഥിരം സന്ദർശകർ ആയതിനാൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല..
മുത്തശ്ശി പറയാറുണ്ടായിരുന്നു.
ഹരിദ്വാർ- ഋഷികേശ്, കാശി രാമേശ്വരം ഒക്കെ പോകാൻ ആഗ്രഹം മാത്രം പോരാ, ഈശ്വര കടാക്ഷം കൂടി വേണം എന്ന്..
ശരിയാണെന്ന് തോന്നി..
തനിക്ക് അവരെ കൂട്ടാക്കി തന്നതും മുത്തശ്ശി പറഞ്ഞ അതേ ഈശ്വരാനുഗ്രഹം ആകും..
അല്ലെങ്കിൽ കാപട്യം നിറഞ്ഞ ഈ ലോകത്ത് തനിയെ ഇറങ്ങി പുറപ്പെട്ട എന്റെ അവസ്ഥ എന്താകുമായിരുന്നു.
കേരളത്തിൽ പോലും അങ്ങോളം ഇങ്ങോളമുള്ള സ്ഥലങ്ങൾ വളരെ വിരളമായി മാത്രം കണ്ടിട്ടുള്ള തനിക്ക് ഡൽഹി പോലെ ഒരു നഗരവും അവിടെ നിന്നും ഇവിടേക്കുള്ള യാത്രയും ഒന്നും ഇത്ര സുരക്ഷിതമാകുമായിരുന്നില്ല.
എന്തായാലും കേട്ടു പരിചയിച്ച സ്ഥലങ്ങളൊക്കെ കാണണം.
ഈ സന്ദർശനത്തിന്റെ ലക്ഷ്യം സ്ഥലം കാണലല്ല, പ്രധാനമായ മറ്റൊരു ലക്ഷ്യം കൂടി ഉണ്ട്..
ചെറിയ തണുപ്പുള്ള മാരുതൻ തന്റെ മുടിയിഴകളെ തഴുകി കടന്നു പോയപ്പോൾ അവൾ ആശ്ചര്യത്തോടെ ഓർത്തു. മുത്തശ്ശി പറഞ്ഞത് ശരിയാണ് . ഇവിടെ കാറ്റിനു പോലും എന്തോ ഒരു സുഖം ഉണ്ടെന്ന്. രാമായണ കഥ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം..നടന്ന് എത്തിയത് ഗംഗാനദിക്ക് കുറുകെ കെട്ടിയ പാലത്തിലാണ്.
അടുത്ത് നിന്ന് ആരോ പറഞ്ഞു ഇതാണ് ലക്ഷ്മൺ ഝൂലാ. 450 അടി ദൂരമുള്ള തൂക്കുപാലം. രണ്ടു ഗ്രാമങ്ങളെ (തപോവൻ എന്ന ഗ്രാമവും ജോങ്ക് എന്ന ഗ്രാമത്തെയും) തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കു പാലം. ലക്ഷമണൻ ഗംഗാ നദിക്ക് കുറുകെ ചണം കെട്ടി കടന്ന സ്ഥലത്താണ് പിന്നീട് ഈ തൂക്കു പാലം ഉണ്ടാക്കിയതത്രേ. പിന്നീട് 1927 ൽ ആണ് ഇപ്പോഴത്തെ ലക്ഷമൺ ഝൂല ഉണ്ടാക്കിയത്.
ലക്ഷമൺ ഝൂലയ്കു അടുത്തുതന്നെ അല്പം മാറി രാം ഝൂലയും ഉണ്ട്. ഇത് അടുത്ത രണ്ടു ഗ്രാമങ്ങളായ ശിവാനന്ദ നഗർനേയും മുനി കീ രതി എന്ന ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു അത്രേ.
അടുത്തു നിന്ന ഗൈഡ് വിശദീകരിക്കുന്നതു കേട്ടു.
രാമൻ രാവണ വധത്തിനു വേണ്ടി പോകുമ്പോൾഎത്തിപ്പെട്ടതാണത്രെ ഇവിടെയും. ഇവിടെ ആദി ശങ്കരാചാര്യരാൽ പ്രതിഷ്ഠിതമായി ലക്ഷമണൻ, ശതിരുഘ്നൻ, ഭരതൻ തുടങ്ങിയവരുടെ അമ്പലങ്ങളും ഉണ്ട്.
ഓരോ അടിയും മുന്നോട്ടു വയ്ക്കുമ്പോഴും കണ്ണുകൾ ചുറ്റുപാടും തിരയുന്നുണ്ടായിരുന്നു ഒരു പ്രീയപ്പെട്ട മുഖം.. തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ..
രാം ഝൂലയ്കു സമീപം വച്ച് ശാരദ ചേച്ചിയേയും നാരായണേട്ടനെയും കണ്ടുമുട്ടി..
ഗംഗ ഇവിടെ ഒക്കെ കണ്ടു കഴിഞ്ഞോ?
കഴിഞ്ഞെങ്കിൽ വരൂ.. ഇവിടെ പ്രഷ്യസ് സ്റ്റോൺസും സെമി പ്രഷ്യസ് സ്റ്റോൺസും ഒക്കെ വാങ്ങാൻ കിട്ടും. വാങ്ങിയില്ലെങ്കിലും കാണാമല്ലോ? നാരായണേട്ടൻ പറഞ്ഞു.
ഇവൾ ഒരിക്കൽ വാങ്ങിയതാണ്.
അതേ ശാരദേച്ചി കാണിച്ചു . കഴുത്തിലെ നവരത്നത്തിന്റെ മാല..
ഇത് ഒർജിനൽ തന്നെയാണ്. കുറെ വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ വാങ്ങിയതാണ്. ഇപ്പോൾ വിശ്വസിക്കാൻ പറ്റില്ല.
എങ്കിലും നാരായണേട്ടന് പരിചയം ഉള്ള കടകൾ ഉണ്ട്. വിശ്വസിക്കാൻ പറ്റിയവർ. ശാരദേച്ചി അല്പം അഭിമാനത്തോടെ പറഞ്ഞു.
അവരോടൊപ്പം മുന്നോട്ടു നടക്കുമ്പോൾ ഓർത്തു.
എത്ര സ്നേഹവും പരസ്പര ബഹുമാനവും ഉള്ള ഭാര്യയും ഭർത്താവും.
ഒന്നര ദിവസത്തെ പരിചയമേ ഉള്ളു എങ്കിലും കണ്ട നിമിഷം മുതൽ ശ്രദ്ധിച്ചതാണ് രണ്ടു പേരും പരസ്പരം തണലായതുപോലെ.
ഇതു പോലെ ആകണം എന്നു കരുതിയതാണ്.
എന്നിട്ടും.. തികട്ടിവന്ന ഓർമ്മകളെ മുറിച്ചു കൊണ്ട് നാരായണേട്ടൻ ചോദിച്ചു.
ഗംഗ ആദ്യമായാണെന്നല്ലെ പറഞ്ഞത്?
എന്നിട്ടും പരിചിതമായ ഒരു സ്ഥലത്തെത്തിയ പോലെ ആണല്ലോ?
താൻ വെറുതെ ചിരിച്ചു.
ഈ സ്ഥലങ്ങളോക്കെ എനിക്ക് വളരെ പരിചിതമാണ്. മുത്തശ്ശിയിൽ നിന്നും മാത്രമല്ല. ഇവിടം ഏറെ പരിചിതമായ ഒരാളുടെ വാക്കുകളിലൂടെ..
ഒപ്പം കൂട്ടണം എന്ന് തീരുമാനിച്ച ഒരാളിലൂടെ..
ഒരു ദീർഘ നിശ്വാസം അറിയാതെ പുറത്തു വന്നു..
വൈകുന്നേരം ഗംഗ നദിയിൽ ത്രിവേണി ഘട്ടിൽ ആരതി ഉണ്ട്. അത് കാണേണ്ടതാണ്. മനസ്സിൽ വിചാരിക്കുന്ന ആഗ്രഹം നടക്കും.
താൻ കാണണം എന്ന അർത്ഥത്തിൽ മൂളി.
അതേ മനസ്സിൽ ഒരാഗ്രഹമേ ഉള്ളു. പ്രീയപ്പെട്ട ഒരു മുഖം ഒരിക്കൽ കൂടി കാണുക എന്ന് മാത്രം.
ഓരോ കടകളിലും കയറി ഇറങ്ങുമ്പോഴും കണ്ണുകൾ പരതിയത് ആഭരണങ്ങൾ ആയിരുന്നില്ല.
എങ്കിലും ശാരദേച്ചിയുടെ നിർബന്ധത്തിന് വഴങ്ങി എന്തൊക്കെയോ വാങ്ങി..
എത്ര മനോഹരമാണ് ഈ കാഴ്ചകൾ. മനസ്സിൽ എവിടെയൊക്കെയോ വർഷങ്ങളായി നിണമൊഴുകിയിരുന്ന മുറിവുകളിലെ നീറ്റലിന് അല്പം ആശ്വാസം കിട്ടിയ പോലെ..
ഗംഗാ നദിയിൽ ദീപങ്ങൾ തീർത്ത വിസ്മയം അതിന്റെ ദീപനാളം ഇരുൾ മൂടിയ തന്റെ ചിന്തകളിലും വെളിച്ചം തൂകിയതു പോലെ.
തേടിയ മുഖം കണ്ടില്ലെങ്കിലും ഹരിദ്വാർ വച്ചെങ്കിലും കണ്ടെത്തും എന്നൊരു പ്രതീക്ഷ ഉള്ളിലുയർന്നു..
റൂമിലെത്തുമ്പോൾ ആകെ ക്ഷീണിതയായിരുന്നു. ഈ പകൽ മുഴുവനും അലയുകയായിരുന്നു.
ശാരദേച്ചിയും നാരായണേട്ടനും യാത്ര പറഞ്ഞ് അവരുടെ മുറിയിലേക്ക് പോകുമ്പോൾ പറഞ്ഞു. നാളെ ഹരിദ്വാറിന് പോകാം.
ഉറങ്ങിക്കോളു.
കിടന്നതു മാത്രമേ ഓർമ്മയുള്ളു. വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലെ ഒന്നുറങ്ങിയത്.
ഋഷികേശിലെ തണുത്ത അന്തരീക്ഷമാണോ അതോ മനസ്സിലെ പ്രതീക്ഷയാണോ തന്നെ ഇത്രയും ശാന്തമായി ഉറങ്ങാൻ സഹായിച്ചത്.
പ്രഭാതത്തിന് പോലും എന്തൊര് അഴകാണ്. സൂര്യൻ മഹാവിഷ്ണുവിനെ തൊഴുതു വരുന്നതിനാലാണോ? അതോ ഗംഗയെ തഴുകി ഉയർന്ന മാരുതിയുടെ ഹർഷമോ?
ജനലിലൂടെ കണ്ട മലനിരകളുടെ ഭംഗി അവർണ്ണനീയമാണ്..
ഗംഗ.. ഇങ്ങനെ കാഴ്ച കണ്ടു നിന്നാൽ ഹരിദ്വാറിനു പോകണ്ടെ? ഇതിലും മനോഹരമായ കാഴ്ചകളുമായി നിന്നെ കാത്തിരിക്കുന്നില്ലെ അവിടെ പലതും. മനസ്സിലിരുന്നാരോ മന്ത്രിച്ചപ്പോൾ കാര്യങ്ങൾക്ക് വേഗമേറി..
മനസ്സിൽ പ്രതീക്ഷയുടെ നാമ്പ് സൂര്യ തേജസ്സ് പോലെ തിളങ്ങി..
രാവിലെ ചെറിയ തണുപ്പിലേക്ക് ഇറങ്ങുമ്പോൾ മനസ്സിലും വല്ലാത്ത കുളിരായിരന്നു. ഇന്ന് തീർച്ചയായും താൻ തേടിവന്ന വസന്തം കണ്ടെത്തിയിരിക്കും..
വസന്തം? അല്ല..എന്നോ കൊഴിഞ്ഞു പോയ ഒരു വസന്തത്തിന്റ ബാക്കി പത്രം ഇന്നും മനസ്സിന്റെ കോണിൽ മായാതെ നിൽക്കുന്നതു കൊണ്ട് തോന്നിയതാണ്.
വർഷങ്ങളായി മനസ്സിൽ മൂടിവച്ച ഒരു സത്യം ഇനിയെങ്കിലും വെളിപ്പെടുത്തണം. ഇത്രയും നാൾ എത്ര പേരുടെ ശാപ വചസ്സുകൾ ഏറ്റു വാങ്ങി. അവരിൽ പലരും സത്യങ്ങൾ അറിയാതെ തന്നെ മറു ലോകത്തേക്ക് പോയി..മുത്തശ്ശിയും ആ കൂട്ടത്തിൽ ആകുമായിരുന്നു.
തീരെ വയ്യാതായ സമയം തന്നെ ഓർത്തു വിലപിച്ച ആ മനസ്സിന്റെ ശാപം വാങ്ങിക്കാൻ മനസ്സ് അനുവദിച്ചില്ല..
മുത്തശ്ശി ഒന്ന് കരയുവാൻ പോലും കഴിയാതെ എന്റെ കുട്ടിക്ക് ആരുടേയും ശാപം ഏൽക്കരുതെ കൃഷ്ണാ.. അവൾ ചെയ്തത് തെറ്റല്ല.. എങ്കിലും അറിയാതെ മനസ്സുകൾ ശപിച്ചതു മുഴുവൻ അവളെ അല്ലെ? നീ തന്നെ ഇനി അവൾക്ക് തുണ എന്നു മാത്രം പറഞ്ഞു.
അവസാനിക്കും മുൻപ് എന്നിൽ നിന്നും സത്യം ചെയ്യിച്ചു വാങ്ങിയതാണ്. ഹരിദ്വാറിന് പോകണമെന്നും ആ ദേവ ഭൂമിയിൽ അവനെ കണ്ടെത്തിയാൽ സത്യങ്ങൾ ബോധിപ്പിക്കണമെന്നും മാപ്പു ചോദിക്കാനുള്ള തെറ്റ് നീ ചെയ്തിട്ടില്ലെങ്കിലും ഇപ്പോഴും ആ മനസ്സിൽ നീ ഉണ്ടെങ്കിൽ ക്ഷമ ചോദിക്കണം എന്നും..
താൻ ചെയ്തത് തെറ്റായിരുന്നോ? പലതവണ ചോദിച്ചിട്ടും സത്യം പറയാതെ ആ മനസ്സ് മുറിവേൽപ്പിച്ച് വിട്ടത് പാപമായിരുന്നോ?
പലവുരു തന്നോടു തന്നെ ചോദിച്ച് ഉത്തരം കിട്ടാത്ത ചോദ്യം..
ഇപ്പോഴും ആ മനസ്സിൽ താനുണ്ടാവുമോ? വിവാഹിതനാണോ?
വർഷങ്ങൾ ഇത്രയായിട്ടും നാട്ടിലേക്ക് വരുകയോ താൻ എവിടെ ആണെന്നു പോലും തിരക്കുകയോ ചെയ്തിട്ടില്ല.
ഒരു കാലത്ത് തന്റെ ഗ്രാമത്തിലെ എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട രണ്ടുപേരായിരുന്നു ശിവഗംഗയും നിരഞ്ചനും.
വീട്ടുകാരു നാട്ടുകാരും ഒരുപോലെ ചേർത്തുവച്ച കളിക്കൂട്ടുകാർ.
നിരഞ്ചേട്ടൻ ഡോക്ടർ നിരഞ്ചനായപ്പോൾ നാട്ടുകാരായിരുന്നു ഏറെ സന്തോഷിച്ചത്..
പക്ഷേ എല്ലാം അവസാനിച്ചത് എത്ര വേഗം ആയിരുന്നു..
ഗംഗ.. നാരായണേട്ടനാണ്.
ഹരിദ്വാറിലെത്തിയാൽ പിതൃതർപ്പണം ചെയ്യണം. എല്ലാ പിതൃക്കളും സതൃപ്തരാകും എന്നും ഇവിടെ ഗംഗയിൽ മുങ്ങിയാൽ എല്ലാ പാപങ്ങളും തീരുമെന്നും ആണ്..
മ്ം. ഞാനും കേട്ടിരിക്കുന്നു. മുത്തശ്ശി പറഞ്ഞ്.
ഗംഗയുടെ തീരത്തേക്ക് നടക്കുമ്പോൾ കണ്ടു നിറയെ ആളുകൾ.. ഈറനോടെ തർപ്പണത്തിനായി ഇരിക്കുന്ന കാഴ്ച.. മന്ത്ര മുഖരിതമായ അന്തരീക്ഷം.. കാറ്റിൽ പോലും മന്ത്രോച്ഛാരണം അലയടിക്കുന്നു…
ഗംഗയിൽ മുങ്ങി ഈറനോടെ ഇരിക്കുമ്പോൾ പറഞ്ഞു തർപ്പണം ചെയ്യേണ്ട എല്ലാവരെയും മനസ്സിൽ ധ്യാനിക്കൂ.. നാളും പേരും കുലവും പറയൂ.. അമ്മ, അച്ഛൻ മുത്തശ്ശി പിന്നെ നിരഞ്ചേട്ടന്റെ അമ്മ ഒപ്പം മറ്റൊരാളുടെ മുഖം കൂടി ഓർമ്മയിലെത്തി..
വെറുപ്പോടെ അല്ലാതെ ഒരു നിമിഷം പോലും ഓർക്കാൻ കഴിയാത്ത മുഖം..
എങ്കിലും മുത്തശ്ശി പറഞ്ഞതോർത്തു. മരിച്ചു കഴിഞ്ഞാൽ പിന്നെ വെറുക്കരുത്.. ആ ശരീരം നശിച്ചു.. ആത്മാവിനോടു ക്ഷമിക്കുക..
ആ ആത്മാവ് മോക്ഷം ഇല്ലാതെ അലയാൻ പാടില്ല..
ഗംഗക്കെങ്ങനെ ആ ആത്മാവിനോടു ക്ഷമിക്കാൻ കഴിയും.. ഇന്നും ശാന്തി കിട്ടാതെ ഭൂമിയിൽ ജീവനോടെ തന്നെ അലയുകയല്ലെ തന്റെ ആത്മാവ്..
എന്താണ് കുട്ടി..എല്ലാവരെയും ഓർത്തില്ലെ? ഈ ഭൂമിയിൽ നിന്നും പോയാൽ എല്ലാവരും മോക്ഷം തേടുന്ന ആത്മാക്കളാണ്.
എല്ലാവരെയും ഓർത്തോളു.. നമുക്ക് എല്ലാവരോടും ക്ഷമിക്കാൻ കഴിയണം.. ഗംഗ ഒരു നിമിഷം പതറിപ്പോയി.. ഇയാൾ തന്റെ ചിന്തകളെ തിരിച്ചറിഞ്ഞിരിക്കുന്നോ?
ഈ സന്നിധിധിയിൽ തന്റെ എല്ലാ വ്യഥകളും ഇറക്കി വയ്ക്കാം.. അയാളോടും ക്ഷമിക്കാം..
തനിക്കെല്ലാം നഷ്ടപ്പെട്ടു.. ഇനി പക വച്ചിട്ടും എന്തു നേടാൻ?
അയാൾ ലോകം വിട്ടു പോയിട്ടും വർഷങ്ങളായിരിക്കുന്നു..
എന്റെ വെറുപ്പു മൂലം അയാൾക്ക് മോക്ഷം കിട്ടാതെ അലയേണ്ട..
എല്ലാവരെയും ഓർത്തു എങ്കിൽ മന്ത്രങ്ങൾ ഏറ്റു ചൊല്ലു. ഇനി ആ കറുക മോതിരം ഊരി ഇതിൽ വയ്ക്കൂ.
എന്നിട്ട് എല്ലാവരെയും മനസ്സിൽ ധ്യാനിച്ച് ഗംഗയിൽ പോകു. തലയ്ക്ക് മുകളിലൂടെ പിറകിലേക്ക് ഇട്ട് മൂന്നു തവണ മുങ്ങി നിവരൂ.
കുട്ടീ അവിടെ നല്ല അടി ഒഴുക്ക് ഉണ്ട്. നദിയിൽ മുങ്ങി ശീലമുണ്ടെങ്കിലും ഗംഗയിൽ മുങ്ങുക അത്രയ്ക്ക് എളുപ്പം അല്ല.
അവിടെ കയർ കെട്ടിയിട്ടുണ്ട്..
അതിനപ്പുറം പോകണ്ട. മുങ്ങുമ്പോൾ ആ കയറിൽ പിടിച്ചോളു. നാരായണേട്ടൻ പറഞ്ഞു. ഗംഗയിലേക്ക് ഇറങ്ങുമ്പോൾ മനസ്സിലായി അയാൾ പറഞ്ഞത് ശരിയാണെന്ന്.
നല്ല അടിയൊഴുക്ക്. കാൽ വഴുതുമോ എന്ന് പേടിച്ചു.
ഈ ശിവഗംഗയ്ക്ക് ഗംഗാദേവിയിൽ ലയിക്കാൻ പേടി ഉണ്ടായിട്ടല്ല..
പക്ഷേ തേടിവന്ന ആളോട് എല്ലാം പറഞ്ഞ് മാപ്പു ചോദിക്കാതെ എങ്ങനെ പോകും. പോയാലും ആത്മാവ് മോക്ഷം ഇല്ലാതെ അലയേണ്ടി വരില്ലേ? ഇത്രനാൾ കൊണ്ട് അറിഞ്ഞതാണ് അലച്ചിലിന്റെ ശക്തി..
ഇനി പരലോകമില്ലാതെ.. വയ്യ..
ശാരദേച്ചി പറഞ്ഞു ഗംഗ നീ പേടിക്കണ്ട.. ആ കയറിൽ മുറുകെ പിടിച്ച് മുങ്ങി നിവരൂ..
വെള്ളത്തിനെന്ത് തണുപ്പാണ്.. മഞ്ഞിൽ നിന്നും ഒഴുകി വരുന്നതിനാലാകും.. എന്തൊരുൾപുളകമാണ് ഈ അമ്മ വാരിപുണർന്ന് നെഞ്ചിൽ ചേർക്കുമ്പോൾ. ഇരു കൈകളും നീട്ടി തന്നെ ചേർത്ത് പുൽകും പോലെ തോന്നി..നീ വന്ന കാര്യങ്ങൾ എല്ലാം നടക്കും. ഞാനുണ്ടാവും കൂടെ.. ആരോ കാതിൽ പറയും പോലെ.. ഈ കുളിരലകളാണോ മന്ത്രിച്ചത്?
തർപ്പണം കഴിഞ്ഞ് മടങ്ങുമ്പോൾ ശാരദേച്ചി പറഞ്ഞു സാരി മാറ്റി കാപ്പികുടിയും കഴിഞ്ഞ് മറ്റ് ക്ഷേത്രങ്ങളിലേക്ക് പോകാം..
എപ്പോഴാണ് ഇവിടെ നിന്നും മടക്കം. ഞാൻ ചോദിച്ചു.
നാളെ മടങ്ങാം..പോരേ?
കണ്ടിട്ട് പോകാൻ തോന്നുന്നില്ല.. ഒരു ദിവസം കൂടി..
ഞാൻ പകുതിയിൽ നിർത്തി.
ശരി കുട്ടി ആദ്യമല്ലേ? എന്തായാലും ഡൽഹിയിൽ നിന്നും ട്രെയിൻ മൂന്നു ദിവസം കൂടി കഴിഞ്ഞാണ്..
ഇവിടെ നിന്നും ഡറാഡൂൺ അടുത്താണ്. അവിടെ രണ്ടു ദിവസം തങ്ങാൻ പ്ലാനുണ്ടായിരുന്നു..കുട്ടിയും പോരൂ..
ഞങ്ങളുടെ ജീവിതവുമായി ഒരുപാടിഴുകി ചേർന്ന സ്ഥലങ്ങളാണിതെല്ലാം.
അവിടെ ഹോട്ടലിൽ താമസിക്കേണ്ട കാര്യമില്ല. വേണ്ടപ്പെട്ട ഒരാളുടെ കോട്ടേജുണ്ട്.
മനസ്സിനല്പം ആശ്വാസമായി..
കഴിഞ്ഞിടയ്ക്ക് സ്ക്കൂളിലെ രാമനാഥൻ മാഷാണ് പറഞ്ഞത് നിരഞ്ചേട്ടനെ ഇവിടെ കണ്ടുവെന്ന്.. ഹരിദ്വാർ ഋഷികേശ് ഡെറാഡൂൺ ഒക്കെ ആയി ആൾ കഴിയുന്നു എന്ന്.
നോക്കാം.. കണ്ടെത്തിയേ മതിയാവൂ.. ആവശ്യം തന്റേത് മാത്രമാണ്.
കുളിച്ച് റഡിയായി വരൂ.. വല്ലതും കഴിച്ചിട്ട് ക്ഷേത്രങ്ങളിലേക്ക് പോകാം.
കുളിച്ചു റഡിയാകുന്നതിനിടയിൽ ഓർത്തു ഇവർ തന്റെ ആരാണ്. യാത്രയ്ക്കിടയിൽ വഴിയിൽ കണ്ടുമുട്ടിയവർ. രണ്ടു ദിവസം കൊണ്ട് ആരൊക്കെയോ ആയിരിക്കുന്നു..
താൻ ജനിച്ചു വളർന്ന ഗ്രാമത്തിന്റെ ഭംഗി വേറൊരു ദേശത്തിനും ഇല്ല എന്നായിരുന്നു കരുതിയത്.. എന്നാൽ ഇപ്പോൾ ഇവിടെയും തനിക്ക് ആ ഭംഗി കാണാൻ സാധിക്കുന്നു. നിരഞ്ചേട്ടൻ ഒരിക്കൽ പറഞ്ഞിരുന്നു. നിനക്ക് ഹരിദ്വാറും ഋഷികേശും ഇഷ്ടപ്പെടുമെന്ന്..
അന്നു താൻ പറഞ്ഞു. ഈ നിരഞ്ചൻ എവിടെ ഉണ്ടോ അവിടം എന്റെ സ്വർഗമായിരിക്കും എന്ന്.
ആ സാന്നിദ്ധ്യം ഇവിടെ എവിടെയോ ഉള്ളതു പോലെ. മനസ്സ് വല്ലാതെ തുടികൊട്ടുന്നു.. ആ നനുത്ത സ്നേഹത്തിന്റെ ഊഷ്മളത മനസ്സിലൂടെ ശരീരത്തിലേക്ക് അരിച്ചിറങ്ങും പോലെ.
ആ കരവലയത്തിൽ ഒതുങ്ങി നെഞ്ചിലെ ചൂടിൽ മുഖമൊളിപ്പിച്ച ദിവസങ്ങളിൽ അസ്ഥി തുളഞ്ഞു കയറുന്ന ഒരു സുഖം അറിഞ്ഞിരുന്നു..
എല്ലാം നഷ്ടമായി.. നഷ്ടപ്പെടുത്തിയതല്ലെ? അയാൾ? വീണ്ടും അയാളോടുള്ള വെറുപ്പ് ഇരച്ചുകയറാൻ തുടങ്ങിയപ്പോൾ മനസ്സ് പറഞ്ഞു.
ഗംഗേ കുറച്ചു മുൻപല്ലെ നീ അയാളോടു ക്ഷമിച്ചത്. പാടില്ല.. സ്വയം നിയന്ത്രിക്കുക..
പുറത്തേക്കിറങ്ങുമ്പോൾ നാരായണേട്ടനും ശാരദേച്ചിയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ഒപ്പം നടന്ന് മുന്നോട്ടു പോകുമ്പോൾ കണ്ടു. ചെറിയ ഒരു കുട്ടി മയിൽ പീലി വിശറിയും മയിൽ പിലിക്കെട്ടുകളുമായി അടുത്തെതിയത്.
കുച്ച് തോ ലോ.. ദീദീ ..ഹെൽപ് കരോ….
യെ ലോ..ഒരു കെട്ടു മയിൽ പീലി നേർക്കു നീട്ടിയ ആ കണ്ണുകളിലെ ദൈന്യത വല്ലാതെ നോവിച്ചു.
നിരഞ്ചേട്ടൻ പഠിപ്പിച്ച ഹിന്ദി ആ കുട്ടി പറഞ്ഞത് മനസ്സിലാക്കാൻ സഹായിച്ചു.
എന്തെങ്കിലും എടുക്കൂ.. ഹെൽപ് ചെയ്യൂ..
ഓടിക്കളിച്ചു വളരേണ്ട പ്രായത്തിൽ കളിചിരികൾ മറന്ന ബാല്യം..
എന്തൊക്കെയോ ഉത്തരവാദിത്തങ്ങൾ ഏറ്റ്യ ഭാവം കണ്ണുകളിൽ.. വാക്കുകളിൽ.
ഒരു കെട്ടിന് വിലപറഞ്ഞപ്പോൾ അവനോടു ചോദിച്ചു. നിനക്ക് വീട്ടിൽ ആരുണ്ട്?
അവന്റെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും വല്ലാത്ത വേദനയോടെ നോക്കി നിൽക്കുമ്പോൾ ഒന്നും പറയാതെ അവൻ മുന്നോട്ടു നീങ്ങി.
പാവം കുട്ടി. അവന് ആരും ഇല്ല..
ശാരദേച്ചി പറഞ്ഞു.. ഈ വിറ്റു കിട്ടുന്ന പൈസയുടെ കമ്മിഷൻ കൊണ്ടാണ് അവൻ ജീവിക്കുന്നത്. ഒപ്പം ഒരു അനുജത്തിക്കുട്ടിയും.
നിങ്ങൾക്കെങ്ങനെ ഇവനെ അറിയാം എന്ന ചോദ്യം തന്റെ മുഖത്തു നിന്നും വായിച്ചെടുത്ത് അവർ പറഞ്ഞു. വർഷങ്ങളായി ഞങ്ങൾ കാണുന്നതല്ലെ?
അവന്റെ പിറകെ പോയി അവൻ നീട്ടിയ മയിൽ പീലി വാങ്ങി രണ്ടായിരം രൂപ കയ്യിൽ കൊടുത്തപ്പോൾ അവൻ പറഞ്ഞു 100 രൂപയാണ്. കൈ നീട്ടം ആയതിനാൽ ചില്ലറ ഇല്ലല്ലോ എന്ന്.
ഞാൻ കൊടുത്ത ആ ചെറിയ രൂപ കൊണ്ട് അവന് ജീവിതം കെട്ടിപ്പടുക്കാൻ ആവില്ലെന്നറിയാം. അല്ലാതെ എന്തു ചെയ്യാനാണ്.
സാരമില്ല. നീ വച്ചോളു എന്നു പറയുമ്പോൾ അവന്റെ കണ്ണുകളിൽ അവിശ്വാസം വിരിഞ്ഞു. അവൻ പറഞ്ഞു. വേണ്ട. ആരിൽ നിന്നും സൗജന്യങ്ങൾ സ്വീകരിക്കരുതെന്നും അധ്വാനം കൊണ്ടും സത്യസന്ധത കൊണ്ടും ഉയരണം എന്നുമാണ് ഞങ്ങളുടെ ഡോക്ടർ അങ്കിൾ പഠിപ്പിച്ചത്.
ഞാൻ പറഞ്ഞു ഇത് സൗജന്യമല്ല.. ഉള്ളുനിറഞ്ഞ സ്നേഹമാണ്.. വാങ്ങിക്കോളു.
വീണ്ടും നിർബന്ധിച്ചപ്പോൾ ഒരു നിമിഷം എന്നെ നോക്കി നിന്നിട്ട് അവൻ സമ്മതഭാവത്തിൽ തലയാട്ടി.
മ്ംം എന്നു മൂളി കവിളിൽ തലോടുമ്പോൾ വീണ്ടും ആ കണ്ണുകളിൽ അശ്രു നിറഞ്ഞിരുന്നു.
പാവം കുട്ടി. അവന് സന്തോഷമായിക്കാണും. ശാരദേച്ചി പറഞ്ഞു.
അവനെപ്പോലെ കുറെ കുട്ടികൾ ഉണ്ട്.
അപ്പോൾ ഈ കുട്ടികൾ സ്ക്കൂളിലൊന്നും പോകുന്നില്ലായിരിക്കും. ആരാണ് അവരെ സംരക്ഷിക്കാൻ. ഞാൻ വ്യാകുലപ്പെട്ടു.
അപ്പോഴാണ് ഞാൻ ഓർത്തത്. ഇടയിൽ അവനോട് നാരായണേട്ടൻ ചോദിക്കുന്നതു കേട്ടു ഡോക്ടർ വരാറില്ലെ എന്ന്. ആരാണ് ഡോക്ടർ.
ആ കുട്ടിയുമായി എന്തു ബന്ധം?
അവന്റെ വാക്കുകൾ കാതിൽ മുഴങ്ങിക്കേട്ടു. ആരുടേയും സൗജന്യം സ്വീകരിക്കരുത്..
ഒരിക്കൽ കുട്ടിക്കാലത്ത് ആരോ ഒരാൾ വച്ചു നീട്ടിയ മിഠായി കൈ നീട്ടി വാങ്ങുമ്പോൾ നിരഞ്ചേട്ടൻ പറഞ്ഞ അതേ വാക്കുകൾ.. ആരാണീ ഡോക്ടർ?
നാരായണേട്ടനോടു തന്നെ ചോദിക്കാം.
അപ്പോഴേക്കും ഒരു അമ്പലത്തിനടുത്തെത്തിയിരുന്നു. ഒരു മലമുകളിലായിരുന്നു അമ്പലം.
നാരായണേട്ടൻ പറഞ്ഞു. ഇതാണ് മനസാ ദേവി ടെമ്പിൾ..
അവളോർത്തു. നിരഞ്ചേട്ടൻ പറഞ്ഞിരുന്നത്.
ശിവാലിക് മലകളിൽ ബിൽവാ പർവതത്തിന്റെ മുകളിൽ ഉള്ള ദേവീ ക്ഷേത്രം..
അവിടെ അമ്പലത്തിനടുത്തുള്ള ഒരു മരത്തിൽ മനസ്സിൽ ദേവിയെ ധ്യാനിച്ച് നൂലുകെട്ടിയാൽ മനസ്സിൽ വിചാരിക്കുന്ന കാര്യം നടക്കും എന്ന്.
മനസാ ദേവി ശക്തിയുടെ ഭാവമാണെന്നും കശ്യപ മുനിയുടെ മനസ്സിൽ ഉണ്ടായതാണെന്നും, 51 ശക്തി പീഠങ്ങളിൽ ( സതീദേവിയുടെ മൃതശരീരവുമായി ശിവ ഭഗവാൻ താണ്ഡവം ആടിയ സമയത്ത് ദേവിയുടെ ശരീരഭാഗങ്ങൾ തെറിച്ചു വീണ സ്ഥലങ്ങൾ) ഒന്നാണെന്നും വിശ്വസിക്കുന്നു.
എന്തായാലും ലോക നന്മയ്ക്കായി നിലകൊള്ളുന്ന ദേവിയാണ് മനസാ..
മനസറിയുന്നവൾ..കാര്യം നടന്നു കഴിഞ്ഞാൽ ആളുകൾ നൂലഴിക്കാനായി എത്താറുണ്ടു പോലും..
റോപ് വേയിലൂടെ മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച എത്ര മനോഹരം..
ഹരിദ്വാർ നഗരം മുഴുവൻ കാണാം.. താഴ്‌വാരത്തുകൂടെ ഒഴുകുന്ന ഗംഗാനദി..
അമ്പലത്തിൽ നല്ല തിരക്കുണ്ടായിരുന്നു.
മരം നിറയെ കറുപ്പും ചുവപ്പും ഓറഞ്ചും നിറമുള്ള നൂലുകളാൽ നിറഞ്ഞിരിക്കുന്നു. വിവിധ വർണ്ണങ്ങളാൽ വിരിയിച്ച വർണ്ണക്കാഴ്ച.
നൂലുമായി എത്തുമ്പോൾ മനസ്സിൽ ദേവിയോടു പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു.
തേടിവന്ന ആളെ കാണണം..മനസ്സിലുള്ള ഭാരം ഇറക്കി വയ്ക്കണം..
ഹർ കീ പൗടിയിൽ( ശിവ ഭഗവാനിലേക്കുള്ള സ്റ്റെപ്സ്) ഗംഗാ തീരത്തുള്ള ഒരു സ്ഥലം, ഗരുഡൻ അമൃതുമായി പോകുന്ന സമയം തുളുമ്പി അമൃത് വീണു എന്നു വിശ്വസിക്കുന്നു. കുംഭ മേള നടക്കുന്നത് ഇവിടെ ആണ്.
വൈകുന്നേരം ഗംഗാ ആരതി കാണാൻ പോകണം.
പിന്നെ.. അറിയില്ല..
നാളെ ഇവിടം വിടും മുൻപ് കാണാനാകുമോ?
ഓരോന്നാലോചിച്ച് തിരക്കൊഴിഞ്ഞ ഒരു കോണിൽ മരത്തണലിൽ ഇരിക്കുമ്പോൾ ശാരദേച്ചി അടുത്തെത്തിയതറിഞ്ഞില്ല.
എന്താണ് മോളെ? എന്തോ കാര്യമായി അലട്ടുന്നുണ്ടല്ലോ?
കണ്ടനിമിഷം മുതൽ ഞാൻ ശ്രദ്ധിക്കുന്നു. ആരെയോ തിരയുന്ന മിഴികൾ..
ഉള്ളിലൊരു സാഗരം ഇരമ്പുന്നു എന്ന് ആ മിഴികൾ പറയുന്നു..
ശാരദേച്ചിയുടെ മോളേ എന്നുള്ള വിളിയും ചേർന്നിരുന്ന് സാന്ത്വനിപ്പിക്കുന്ന പോലെ ഉള്ള സംസാരവും എനിക്ക്ട നഷ്ടപ്പെട്ട സ്നേഹ ഭാവങ്ങളെ ഓർമ്മിപ്പിച്ചു.
എത്ര കാലമായി ഇതുപോലെ ഒരു ആർദ്രതയുള്ള ശബ്ദം കേട്ടിട്ട്.
കുത്തുവാക്കുകളും ശാപവചനങ്ങളും, പരിഹാസങ്ങളും മാത്രം ശീലിച്ചുപോയ കാതുകൾ.
ജനിച്ച ഉടനെ ഒറ്റപ്പെടുത്തിയ അമ്മ.. പെറ്റമ്മയുടെ മുഖം പോലും കാണാൻ ഭാഗ്യം തരാതെ ഉദരത്തിൽ പേറി ജന്മം തന്ന മകളുടെ മുഖം പോലും കാണാതെ യാത്രയായ അമ്മ..
ജീവനെക്കാളേറെ സ്നേഹിച്ച ഭാര്യയെ നഷ്ടപ്പെടുത്തിയവൾ എന്ന ഒറ്റക്കാരണത്താൽ മകളുടെ മുഖം കാണാൻ വിസമ്മതിച്ച് പടിയിറങ്ങിയ അച്ഛൻ.
പിന്നീട് ഓർമ്മ ഉറയ്ക്കുംമുൻപു തന്നെ അമ്മയുടെ ലോകത്തേക്ക് അച്ഛൻ യാത്രയായി.
പറഞ്ഞു കേട്ടു. പുണ്യസ്ഥലങ്ങളിൽ അലഞ്ഞു നടന്നു. അവസാനം മൂകാംബികയിലെത്തി.. സൗപർണ്ണിലയിൽ ലയിക്കും മുൻപ് അമ്മാവനെ(നിരഞ്ചേട്ടന്റെ അച്ഛൻ) അറിയിച്ചു. മരിച്ചാൽ ശരീരം നാട്ടിലേക്ക് കൊണ്ടു വരരുത് എന്ന്. അമ്മയുടെ മുഖം കാണാത്ത മകൾ അച്ഛനെയും കാണണ്ട എന്ന്..
അങ്ങനെ ജന്മം തന്നവർക്ക് വേണ്ടാത്ത പാഴ്ജന്മമായി.
ഒഴിവാക്കാൻ പറ്റാത്തതുകൊണ്ടാണോ, അല്ല മുത്തശ്ശിക്ക് തന്നെ അത്ര ഇഷ്ടമായിരുന്നു അതുകൊണ്ട് എല്ലാവരുടേയും സ്നേഹം ഒരുമിച്ചു തന്നു വളർത്തി..
വളർന്നപ്പോൾ കൂടെ വളർന്ന നിരഞ്ചേട്ടൻ ഉൾപ്പെടെ അമ്മായിയുടെ(അച്ഛന്റെ സഹോദരി) മക്കളും അമ്മാവനും എല്ലാം സ്നേഹിച്ചു. അമ്മായിക്ക് താൻ അത്ര പ്രിയപ്പെട്ടവൾ ആയിരുന്നില്ല..
എങ്കിലും നിരഞ്ചേട്ടൻ ചേർത്തു നിർത്താൻ തീരുമാനിച്ചപ്പോൾ അത്ര ഇഷ്ടത്തോടെ അല്ലെങ്കിലും എതിർത്തില്ല.
മോളെ ഗംഗേ കണ്ണുകൾ ഗംഗാപ്രവാഹമായല്ലോ?
ശാരദേച്ചിയോടു പറയൂ..
വീണ്ടും ശാരദേച്ചി നിർബന്ധിച്ചപ്പോൾ തനിക്കും ഒരഭയം വേണമെന്നു തോന്നി പറഞ്ഞുതുടങ്ങി ജനനം മുതൽ ഉള്ള തന്റെ യാത്രയുടെ ഏടുകൾ..
നിരഞ്ചേട്ടൻ പറഞ്ഞാണ് ഹരിദ്വാറും ഋഷികേശും എന്റ മനസ്സിൽ ഇത്ര ആഴത്തിൽ പതിഞ്ഞത്.
ഈ സ്ഥലങ്ങളൊക്കെയും ഞങ്ങൾ ഒരുമിച്ചു കാണാൻ ഇരുന്നതാണ്.
അപ്പോൾ മോൾ വിവാഹം കഴിച്ചിട്ടില്ലെ? ഈ നിരഞ്ചൻ എവിടെ ആണ്?
ഒക്കെ പറയാം.
കാറ്റിൽ പറന്ന മുടയിഴകളെ മാടി ഒതുക്കി ഗംഗയെ തഴുകി വരുന്ന കാറ്റിനെ സ്വന്തമാക്കാൻ കൊതിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി..
അമ്മായിക്ക് നാലു മക്കളായിരുന്നു. നീരജ്, നിരഞ്ചൻ, നിവേദിത നയന. നയനയും ഞാനും ഒരുമിച്ചു വളർന്നവർ.. പരസ്പരം രഹസ്യങ്ങൾ ഇല്ലാത്ത കൂട്ടുകാർ..
ഞങ്ങളുടെ തറവാടിന്റെ പുറകു വശം പുരയിടം തീരുന്നിടം പുഴയായിരുന്നു. മുൻവശം വിശാലമായ മുറ്റം കടന്ന് പടികൾ ഇറങ്ങുന്നത് വിശാലമായ പാടത്തേക്കും. ഒരുവശത്ത് കൂടി മുറ്റം വരെ വാഹനം വരാനുള്ള റോഡും ഉണ്ടായിരുന്നു..
പാടത്തേയും പുഴയിലേയും കാറ്റേറ്റ് നെല്ലോലകളോട് കഥപറഞ്ഞ് മുത്തശ്ശിയുടെ കഥകൾ കേട്ട് ആ ലാളനയിൽ അച്ഛനും അമ്മയും ഇല്ലാത്ത കുറവറിയാതെ വളർന്ന കാലം..
നിരഞ്ചേട്ടൻ എന്ന കളിക്കൂട്ടുകാരൻ എപ്പോഴോ മുന്നോട്ടുള്ള ജീവിതത്തിലെ കൂട്ടുകാരനാകാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിനും മനോഹാരിത കൂടി, ജീവിത വീക്ഷണം പല അർത്ഥ തലങ്ങളിലേക്കും മാറി.
നാട്ടുകാരുടെ ഇടയിലും ഞങ്ങൾ പ്രീയപ്പെട്ടവരായിരുന്നു..പഠനത്തിലും പാട്ടിലും നൃത്തത്തിലും എല്ലാം ഞാൻ ഒന്നാമതായിരുന്നു. മുത്തശ്ശിയ്ക്കും നിരഞ്ചേട്ടനും ഒപ്പം നാട്ടുകാർക്കും പ്രീയപ്പെട്ടവൾ ആയിരുന്നു.
നിരഞ്ചനും ഗംഗയും എല്ലാവരാലും ചേർത്തുവച്ചവരായിരുന്നു..
നിരഞ്ചേട്ടൻ മെഡിസിൻ പഠനവുമായി ഡൽഹിയിലേക്ക് പോയി.
ഞാൻ എന്റെ ആഗ്രഹം പോലെ ടീച്ചർ ആയി..
തന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട ദിവസം.. അന്ന് നിരഞ്ചേട്ടനെ പ്രതീക്ഷിച്ച് മുന്നിലെ പാടത്തെ നീണ്ട വഴിയിലേക്ക് കണ്ണും നട്ട് സ്വപ്നം കണ്ടിരുന്ന തനിക്ക് അത് തന്റെ അവസാനത്തെ സ്വപ്നം ആണെന്നറിയില്ലായിരുന്നു.
മുണ്ടിന്റെ ഒരുതല ഇടത്ത് കൈകൊണ്ട് അല്പം ഉയർത്തിപ്പിടിച്ച് വെട്ടിനിർത്തിയ സുന്ദരമായ താടിയും കട്ടിമീശയും ഇടയ്ക്കിടയ്ക്ക് തടവി നടന്നു വരുന്ന ആ രുപം പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്കെത്തിയത് മറ്റൊരാളായിരുന്നു..
പൊട്ടിവന്ന സങ്കടം അമർത്താൻ പാടുപെടുമ്പോൾ കേട്ടു നാരായണേട്ടന്റെ വിളി..
വരൂ.. പോകാം..
കണ്ണുകൾ അമർത്തിത്തുടച്ച്, സാരി തലപ്പുകൊണ്ട് മുഖം തുടച്ച് നീണ്ടിട തൂർന്ന മുടി മാടി ഒതുക്കി അവൾ ഒന്നു കൂടി മൻസാ ദേവിയെ തൊഴുതു. തന്റെ പ്രാർത്ഥന കേൾക്കണെ എന്ന് മനസ്സുറപ്പിച്ച് അമ്മയോടപേക്ഷിച്ചു.
ശാരദേച്ചിയോട് പിന്നീട് പറയാം എന്ന് പറഞ്ഞ് ഒന്നുകൂടി അവിടെ ആകെയും കാണാവുന്നത്ര ദൂരം ആ നഗരത്തെയും നോക്കി. എവിടെയെങ്കിലും ആ രണ്ടു കണ്ണുകൾ തന്നെ നോക്കുന്നുണ്ടോ എന്ന്..
അവസാനമായി പടിയിറങ്ങി പാടത്തിന് നടുവിലൂടെ നടന്നു നീങ്ങിയ ആ രൂപം.. നിർവികാരതൊടെ ഒന്നും മിണ്ടാതെ നിന്ന ഞാൻ ഇന്ന് ആ കണ്ണുകൾ കാണുന്നുണ്ടോ എന്ന് തിരക്കിയിറങ്ങിയിരിക്കുന്നു.
അന്നത്തെ മാനസ്സികാവസ്ഥയിൽ അതായിരുന്നു ശരി..
എല്ലാ സ്വപ്നങ്ങളും ഒരു പെണ്ണ് തന്റെ പ്രാണപ്രീയന് വേണ്ടി കരുതിവച്ച എല്ലാ വിശുദ്ധിയും ഒരു നിമിഷം കൊണ്ട് അവസാനിക്കുമ്പോൾ ഉണ്ടാകുന്ന ഒരു മരവിപ്പ്.. അത് ഞാൻ പറഞ്ഞിരുന്നെങ്കിൽ നിരഞ്ചേട്ടന് മനസ്സിലാകുമായിരുന്നു എന്ന് എന്റെ കളിക്കൂട്ടുകാരി നയന പലതവണ പറഞ്ഞു..
അന്ന് അത് ആരോടും പറയാൻ തോന്നിയില്ല.
തന്റെ നാവുകൊണ്ട് പറയാൻ അറയ്ക്കുന്ന ഒരു നികൃഷ്ടമായ സത്യമായിരുന്നു അത് തനിക്ക്.
പിന്നീട് എല്ലാവരുടേയും ശാപ വാക്കുകൾ ഏറ്റു വാങ്ങി കരിഞ്ഞുണങ്ങിയ മനസ്സുമായി മരവിപ്പു പടർന്ന ശരീരം യാന്ത്രികമായി മുന്നേറുമ്പോഴും ആരെയും വേദനിപ്പിക്കണ്ട എന്നേ കരുതിയുള്ളു.
ഒരാൾ മാത്രമാണ് കാര്യമറിയാതെ വേദനിച്ചത്..
മാപ്പു തരുമോ ആ ഹൃദയം തനിക്ക്..
അന്ന് പടിയിറങ്ങിയ നിരഞ്ചേട്ടനെ പിന്നെ ആരും കണ്ടില്ല..
അമ്മായിയും, പ്രീയപ്പെട്ട മുത്തശ്ശിയും അദ്ദേഹത്തിന്റെ ഏട്ടനും മരിച്ചിട്ടും കൊള്ളിവയ്ക്കാൻ പോലും വന്നില്ല..
അത്രയ്ക്ക് വലിയ നൊമ്പരമല്ലെ ഞാൻ കൊടുത്തത്..
ഞാൻ അന്ന് പറഞ്ഞത് എത്ര നീചമായ വാക്കുകൾ ആയിരുന്നു..നിരഞ്ചേട്ടനോട് ഇനി ഒരിക്കലും തേടിവരരുതെന്നും വന്നാൽ കാണുക ജീവനില്ലാത്ത ഗംഗയെ ആകുമെന്നും പറഞ്ഞു.
തനിക്കതല്ലാതെ മറ്റു വഴിയില്ലായിരുന്നു..
തന്റേതല്ലാതായിത്തീർന്ന അറപ്പളവാക്കുന്ന ഈ ശരീരവും കൊണ്ട് എങ്ങനെ നിരഞ്ചേട്ടനോടൊപ്പം.. ഒരിക്കലും സാദ്ധ്യമല്ല..
അമ്മായി നീരജേട്ടന് വേണ്ടി ആലോചിച്ചപ്പോൾ തന്നെ എവിടേയ്ക്കെങ്കിലും ഓടി ഒളിക്കാൻ തോന്നി. ഞങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിട്ടും ഇങ്ങനെ ഒരാലോചനയുമായി വരാൻ എങ്ങനെയാണ് അമ്മായിക്ക് തോന്നിയത്.. അമ്മായിക്കെന്നും സ്നേഹത്തിൽ അല്പം മുൻതൂക്കം മൂത്ത മകനോടായിരുന്നു.
ആർമിയിൽ ക്യാപ്റ്റൻ, പട്ടാളത്തിന്റെ ചിട്ടവട്ടങ്ങളിൽ ഉരുത്തിരിഞ്ഞു എന്ന് അമ്മായി അഭിമാനിച്ചിരുന്ന കൗമാരവും യൗവ്വനവും..
ചിട്ടവട്ടം.. അയാൾക്ക് ഒന്നിന്റെയും വില മനസ്സിലാവില്ലായിരുന്നു.. സ്ത്രീ വെറും കാമം തീർക്കാൻ മാത്രമുള്ള ഒരു ശരീരം ആയിരന്നു..
സ്ത്രീ എന്നാൽ ആത്മാവില്ലാത്ത വികാരം പേറുന്ന ഒന്നാണെന്നാണ് അയാൾ വിശ്വസിച്ചിരുന്നത്..
ബലമായി പിടിച്ചെടുത്തായാലും സ്വന്തം കാമം തീർക്കുക..
അയാളെക്കുറിച്ചോർത്തപ്പോൾ വീണ്ടും അവളുടെ ആത്മാവിൽ തീപിടിച്ചു.. അത് കത്തിപ്പടർന്ന് ശരീരം കത്താൻ തുടങ്ങി..
മാംസം കരിയുന്ന ഗന്ധം മൂക്കിലേക്കടിച്ചു കയറി..
വല്ലാത്ത അസ്വസ്ഥതയിൽ പുളയുമ്പോൾ ശാരദേച്ചിയുടെ കരങ്ങൾ തന്റെ കൈകളെ മൃദുവായി അമർത്തുന്നതറിഞ്ഞു.
തിരിച്ചു പോരുമ്പോൾ യാത്രയിലുടനീളം ശാരദേച്ചി എന്റ കൈ സ്വന്തം കൈക്കുള്ളിൽ ഒരു സാന്ത്വനം പോലെ മുറുകെ പിടിച്ചിരുന്നു..
ആ മനസ്സ് എന്നിലെ എന്നെ മനസ്സിലാക്കുന്നുവോ?
ഇവർ ആരാണ്? ഒരിക്കലും താൻ അനുഭവിക്കാത്ത അമ്മ എന്ന സ്നേഹം സംരക്ഷണം അത് ഇതാണോ?
ഹർ കീ പൗഡിയിൽ എത്തുമ്പോഴേക്കും സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു.
അവിടെ പടിക്കെട്ടിൽ ഇരിക്കുമ്പോൾ നാരായണേട്ടൻ പറഞ്ഞു..
ഇരിക്കാൻ വരട്ടെ. ഒന്നു കൈകാലുകളും മുഖവും കഴുകി വരൂ..
ക്ഷീണം മാറിക്കിട്ടും. ഗംഗ മോൾക്ക് നല്ല ക്ഷീണം ഉണ്ട്.. മുഖം കണ്ടാലറിയാം..
നാരായണേട്ടൻ പറഞ്ഞത് ശരിയായിരുന്നു. നല്ല തെളിഞ്ഞ വെള്ളമായിരുന്നു ആ ഭാഗത്ത്. മുഖം കഴുകി വരുമ്പോഴേക്കും ആത്മാവും ശരീരവും തണുത്തതുപോലെ..
മനസ്സിലെ ചിന്തകൾക്ക് തൽക്കാലത്തേക്ക് വിടപറഞ്ഞ് മറയാൻ തുടങ്ങുന്ന സായാഹ്ന സൂര്യന്റെ ചുവപ്പിലേക്ക് ദൃഷ്ടി ഉറപ്പിച്ചു.
മുത്തശ്ശി പറഞ്ഞതു ശരിയാണ്.. ഓരോ ദിവസവും അന്നത്തെ വ്യഥകളെ ഉള്ളിലൊതുക്കി പടിഞ്ഞാറൻ ചക്രവാളത്തിലൊളിക്കുന്ന സൂര്യൻ അടുത്ത ദിവസം വീണ്ടും പുഞ്ചിരിച്ചു കൊണ്ട് വെളിച്ചം പകരുന്ന കാഴ്ച. സ്വയം എരിഞ്ഞൊടുങ്ങി ലോകം മുഴുവൻ വെളിച്ചം പകരുന്ന സൂര്യൻ..
അതാവണം നാം ഓരോരുത്തരും.
ഞാനും ഒരുവിധത്തിൽ അതല്ലെ ചെയ്തത്.. പക്ഷെ എന്നോടൊപ്പം മറ്റൊരാളെക്കൂടി എരിഞ്ഞു തീരാൻ വിട്ടു.. ആണോ അറിയില്ല..
വേറെ വിവാഹം കഴിച്ച് സുഖമായി കഴിയുന്നു എങ്കിൽ..
എങ്കിൽ കണ്ടെത്തിയാൽ പറയണോ? അതോ തന്നോടൊപ്പം ആ രഹസ്യം എരിഞ്ഞു തീരണോ?
സൂര്യൻ മറഞ്ഞതും ദീപക്കാഴ്ചകൾ ഗംഗാ നദിയെ പ്രകാശമാനമാക്കിയതും അനിർവചനീയമായ കാഴ്ച ആയിരുന്നു..
മനസ്സിലും പ്രതീക്ഷയുടെ ദീപനാളം ഉയരുന്നതറിഞ്ഞു.
തിരികെ റൂമിലെത്തുമ്പോൾ ക്ഷീണിതയായിരുന്നു. നാരായണേട്ടൻ പറഞ്ഞു രാവിലെ ഞങ്ങൾ ഡെറഡൂണിന് പോകും.
കുട്ടിയും പോരൂ.. അവിടെ സ്ഥലം കാണുക അല്ല ഞങ്ങളുടെ ആവശ്യം..
അവിടെ ഒരു ഡോക്ടർ ഉണ്ട്. ഒരിക്കൽ എനിക്ക് ഇവളുടെ ജീവൻ രക്ഷിച്ച് തിരികെ തന്ന വലിയ മനുഷ്യൻ. ഇവിടെ ഒരുപാട് കുട്ടികളുടെ രക്ഷിതാവ്.. ഒരുപാട് പേരുടെ കാണപ്പെട്ട ദൈവം. ഇവിടെ കാണാം എന്നു കരുതി..
ചിലപ്പോൾ രാവിലെ ഇവിടെത്തന്നെ കാണാനാകും..
സാധാരണ ഈ ദിവസം ഇവിടെ വരാറുള്ളതാണ്.
ഇവിടെ കണ്ടാൽ ഒരുദിവസം കൂടി അദ്ദേഹത്തോടൊപ്പം ഇവിടെ കഴിയാം.. എന്താണ് ഗംഗയുടെ തീരുമാനം..
ശാരദേച്ചി പറഞ്ഞു. ഈ കുട്ടിയെ ഒറ്റയ്ക്കു വിടാൻ മനസ്സു വരുന്നില്ല.
നമ്മുടെ കൂടെ വരും.
ഒന്നും മറുപടി പറയാതെ മുറിയിലെത്തുമ്പോൾ മനസ്സ് വീണ്ടും ചിന്തകളിലേക്ക് കൂടുമാറി..
രാത്രിയിലെ വൈദ്യുതി വെളിച്ചത്തിൽ ഹരിദ്വാർ സുന്ദരിയായിരിക്കുന്നു. ഗംഗാനദി ദൂരെ വെളിച്ചങ്ങൾക്കിടയിൽ ഒരു ഒരു കറുത്ത രേഖയായി..
ഇന്ന് ധനുമാസത്തിലെ വിശാഖം നക്ഷത്രം.. അമ്മയെ നഷ്ടപ്പെട്ട തന്റെ ജന്മദിനം..
അമ്മയെ മാത്രമല്ല എനിക്ക് എന്നെയും നഷ്ടപ്പെട്ട ദിനം..
രാവിലെ അമ്മയ്ക്ക് ബലിതർപ്പണം ചെയ്ത് വൈകിട്ട് അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരിച്ചെത്തി നിരഞ്ചേട്ടനേയും കാത്ത് പടിക്കെട്ടിൽ ഇരുന്നു.
വിളഞ്ഞു കിടക്കുന്ന നെൽപ്പാടത്തിന് ഇടയിലെ നേർത്ത വഴി ഇരുൾമൂടുന്നതും വെള്ള മുണ്ടിന്റെ കോന്തല ഒരുകൈയാൽ ഉയർത്തി തന്റെ നേർക്ക് നടന്നടുക്കുന്ന രൂപം നോക്കിയിരുന്ന് തുള്ളിച്ചാടിയ മനസ്സ് ഒറ്റ നിമിഷം കൊണ്ട് നിരാശ്ശയിലേക്ക് മാറി..
നിരഞ്ചേട്ടനായിരുന്നില്ല എത്തിയത്, പകരം നീരജേട്ടൻ..
എന്താണ് ഗംഗേ എന്നെ നോക്കി ഇരിക്കയാണോ?
തന്നെ അടിമുടി നോക്കിയ നോട്ടം വെറുപ്പളവാക്കിയപ്പോൾ പറഞ്ഞു.. അകത്തേക്ക് വരൂ.. മുത്തശ്ശി ഉണ്ട്..
തന്നോടൊപ്പം അകത്തേക്ക് വരുമ്പോൾ ചോദിച്ചു നീ എന്താണ് ഞാനെപ്പോൾ വന്നു എന്ന്പോലും ചോദിക്കാതിരുന്നത്.
ഈ വരവിൽ എനിക്ക് ചെയ്തു തീർക്കാനൊരുപാടുണ്ട്.
നിന്നെ കാണാൻ മാത്രമാണ് ഈ വരവ്.. നീ എന്റേതാകുന്ന നിമിഷം.. അതാണ് ഇപ്പോൾ എന്റെ ചിന്തയിൽ.
ഒന്നിനും മറപടി പറയാതെ അകത്തെത്തി മുത്തശ്ശിയെ വിളിക്കുമ്പോഴാണ് പറയുന്നത്.
മുത്തശ്ശി ഇവിടെ ഇല്ല. ഒന്നു തലകറങ്ങി വീണു. നീ അമ്പലത്തിലായിരുന്നപ്പോഴാണ്. ഞാനിവിടെ ഉണ്ടായിരുന്നു. അമ്മയും അച്ഛനും ഉണ്ട് കൂടെ.
ഞാൻ പോകാൻ ബഹളം വച്ചപ്പോൾ പറഞ്ഞു. ഇന്നുതന്നെ ഡിസ്ചാർജ് ആകും. ഞാൻ അതുവരെ ഇവിടെ ഉണ്ടാകും..
മനസ്സ് ഭയവും വിഷമവും കൊണ്ട് പിടച്ചപ്പോൾ നിരഞ്ചേട്ടനെ വിളിക്കാൻ ശ്രമിച്ചു..
അവനെ വിളിക്കണ്ട. അവൻ അവരോടൊപ്പം വരും.. ആ ശബ്ദത്തിൽ ഒരു ഇഷ്ടക്കേടുണ്ടായിരുന്നു.
അയാൾ തുടർന്നു. നീ എനിക്കുള്ള പെണ്ണാണ്..
അടുത്ത വരവിന് നമ്മുടെ കല്യാണം..
പകച്ചു നിന്ന തന്റടുത്തേക്ക് അയാളെത്തിയത് അറിഞ്ഞില്ല.
പിൻ കഴുത്തിൽ അയാളുടെ നിശ്വാസം ഏറ്റപ്പോൾ തിരിഞ്ഞു നോക്കിയ എന്നെ നേരെ തിരിച്ചു നിർത്തിപ്പറഞ്ഞു..
നിന്റെ ഈ കറുത്തിരുണ്ട മുടിയും ഈ മോഹിപ്പിക്കുന്ന സൗന്ദര്യവും മത്തു പിടിപ്പിക്കുന്ന ചിരിയും അത് എനിക്ക് സ്വന്തമാകണം. അല്ലെങ്കിലും നീ എനിക്കുള്ളതല്ലെ?
അപ്പോൾ നിരഞ്ചേട്ടനോ? വാക്കുകൾ ചോദ്യങ്ങളാകാൻ തുടങ്ങി..
നിരഞ്ചേട്ടൻ എനിക്കാരാണെന്നറിയില്ല? അതിനെ മാറ്റാൻ നിങ്ങൾക്കാവില്ല.
മനസ്സിൽ നുരഞ്ഞു പൊന്തിയ ദേഷ്യം വാക്കുകളായി പുറത്തെത്തുമ്പോൾ അയാളിലെ മൃഗം വേട്ടയ്ക്ക് തയാറെടുത്തിരുന്നു. ഒരു വേട്ട മൃഗത്തെപ്പോലെ തന്നെ കീഴ്പ്പെടുത്തുമ്പോൾ അയാളിലൊരു വിജയിച്ച മൃഗത്തിന്റെ ഭാവമായിരുന്നു.
അന്നു മരിച്ചതാണ് ശിവഗംഗ..
പിന്നീടൊരിക്കലും നിരഞ്ചേട്ടനെ നേരിടാൻ തനിക്കായില്ല..
വളർത്തി വലുതാക്കിയ മുത്തശ്ശിയെ അവസാനകാലം തീരാ ദു:ഖത്തിലാഴ്ത്താൻ കഴിയാത്തതിനാൽ ആത്മഹത്യചെയ്യാൻ കഴിഞ്ഞില്ല.. പക്ഷേ മനസ്സിൽ തീരുമാനിച്ചു അയാളെ ഒരിക്കലും വിവാഹം ചെയ്യില്ല എന്ന്..
നിരഞ്ചേട്ടനോട് മേലിൽ തന്നെ കാണാൻ ശ്രമിക്കരുതെന്ന് പറഞ്ഞ് ഒഴിവായപ്പോൾ ആത്മാവ് നഷ്ടപ്പെട്ട് വെറും ശരീരം മാത്രമായ തനിക്ക് ഒട്ടും വേദനിച്ചില്ല.. മനസ്സ് വല്ലാതെ മരവിച്ചിരുന്നു..
നീരജേട്ടനെ കല്യാണം കഴിക്കാം എന്ന് സമ്മതിച്ചപ്പോൾ മുത്തശ്ശിപോലും ചോദിച്ചു നിനക്കെന്തു പറ്റിയെന്ന്. ഒന്നും പറ്റിയില്ല എന്ന് നടിക്കാൻ വല്ലാതെ ബുദ്ധിമുട്ടി..
തന്റെ സ്വപ്നങ്ങളെ ഒരുനിമിഷം കൊണ്ട് തച്ചുടച്ച അയാളോട് തീർത്താൽ തീരാത്ത പകയും വെറുപ്പുമായിരുന്നു.
വിവാഹം ഉറപ്പിയ്ക്കൽ എന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നിൽ വച്ചു നടത്തിയ ചടങ്ങിൽ ഒരു വലിയ വിഭാഗത്തിന്റെ മുന്നിൽ സമ്മതമല്ല എന്ന്തുറന്നു പറഞ്ഞതിനാൽ അമ്മായിയുടെ ശത്രുവായി..
ഒപ്പം അയാളുടേയും. അയാൾക്കേറ്റ അപമാനം ആയിരുന്നു അത്. ഒരു പെണ്ണിന്റെ വിലപ്പെട്ടതെല്ലാം കവർന്നെടുത്താൽ അവൾ എന്നന്നേത്തേക്കും കീഴടങ്ങുമെന്ന അഹന്തയുടെ മണ്ടക്കേറ്റ അടി..
ഒരു പെണ്ണ് അവളുടെ ഇഷ്ടപ്രകാരം ഒരു പുരുഷനെ സ്വീകരിക്കുമ്പോഴാണ് അവൻ അഭിമാനിക്കേണ്ടത്. അല്ലാതെ പിടിച്ചു വാങ്ങുമ്പോൾ അല്ല..
ആ സംഭവത്തിനുശേഷം ഗംഗ മോശക്കാരിയായി. രണ്ടു പാവം ചെറുപ്പക്കാരുടെ ജീവിതം നശിപ്പിച്ചവളായി..
മുത്തശ്ശിയും നയനയും ഒഴികെ ആരും ചിന്തിച്ചില്ല എന്തുകൊണ്ടാണ് ഗംഗ ഇങ്ങനെ ആയതെന്ന്.
നിരഞ്ചേട്ടനുണ്ടായിരുന്നെങ്കിൽ ഉറപ്പായും പറയാൻ വേണ്ടി ഈ ദൂരം താണ്ടേണ്ടി വരില്ലായിരുന്നു..

നിന്നെ ഞാൻ വെറുതെ വിടില്ല എന്ന് പറഞ്ഞ് പോയ അയാൾക്ക് പിന്നെ വരാനായത് ദേശീയ പതാകയിൽ പൊതിഞ്ഞാണ്.
അറിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് സമാധാനമായിരുന്നു..അതോ ഗൂഢമായ സന്തോഷമോ?
ഒരാളുടെ മരണം സമാധാനവും അയാളെക്കുറിച്ചുള്ള ചിന്തകൾ വെറുപ്പുളവാക്കുന്നതും ആകുന്നത് അയാളുടെ പ്രവൃത്തിമൂലമാണ്.
അയാളുമായി വിവാഹം ഉറപ്പിക്കാൻ പോകുന്നു എന്നും താൻ അതിന് സമ്മതം മൂളി എന്നും അറിഞ്ഞ് വീട് വിട്ടുപോയതാണ് നിരഞ്ചേട്ടൻ.
പിന്നെ ഒരിക്കലും ആരെയും തിരക്കിയെത്തിയില്ല..
ഒരു മകന്റെ മരണം അടുത്ത മകന്റെ വീട് വിട്ട്പോകൽ ..
അമ്മായി മുഴുവൻ കുറ്റവും തന്നിലാരോപിച്ചു.. ജാതക ദോഷം..
ശപിക്കപ്പെട്ട ജന്മം. അതായി അമ്മായിക്ക് ഞാൻ..
മകന്റെ മരണത്തിനും ഉത്തരവാദം തന്റെ ജാതക ദോഷത്തിനായി.
എല്ലാം ഉള്ളിലൊതുക്കുമ്പോൾ വല്ലാത്ത ഒരുതരം പ്രതികാരമായിരുന്നു മനസ്സിൽ. മറ്റാരോടുമല്ല. തന്നോടു തന്നെ.
ഓരോന്നും ചിന്തിച്ച് ഉറങ്ങിപ്പോയി..
കോറിഡോറിൽ ആരുടെയൊക്കെയോ സംസാരം കേട്ടാണ് ഉണർന്നത്.
എന്തായാലും പോകുംമുൻപ് ഒന്നുകൂടി ഹരിദ്വാർ കാണണം.
എവിടെയെങ്കിലും നിരഞ്ചേട്ടനെ കണ്ടാലോ?
പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ശാരദേച്ചി എത്തി.
ഗംഗേ. നമ്മൾ ഈ പ്രാവശ്യം ഡെറാഡൂൺ പോകുന്നില്ല. കാണേണ്ടയാൾ ഇവിടെ ഉണ്ട്..
ഒരു നിമിഷം സംശയിച്ചു. ഞാൻ എല്ലാകാര്യവും പറഞ്ഞില്ലല്ലോ? പിന്നെങ്ങനെ?
ശാരദേച്ചി തന്റെ കണ്ണുകളിലെ സംശയം കണ്ടിട്ടാവണം പറഞ്ഞത് ഞങ്ങൾക്ക് കാണേണ്ട ആളുടെ കാര്യമാണ് പറഞ്ഞത്. നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ?
നമുക്ക് പുറത്തേക്ക് പോകാം. അവിടെ ഗംഗയുടെ തീരത്ത് ഇളവെയിലിൽ ഇരുന്ന് ഞാൻ എല്ലാം കേൾക്കാം.. നിന്നെ എനിക്കറിയണം..
ശാരദേച്ചിയോടൊപ്പം നടക്കുമ്പോഴും കണ്ണുകൾ തിരഞ്ഞുകൊണ്ടേ ഇരുന്നു.
ശാരദേച്ചിയോട് ശിവഗംഗയെയും അവളുടെ ജീവിതവുമായി ബന്ധപ്പെട്ടവരെയും കുറിച്ചും ശിവഗംഗ ഇന്ന് തിരഞ്ഞെത്തിയ ആളിനെക്കുറിച്ചും പറയുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ വല്ലാതെ ബുദ്ധിമുട്ടി..
ഗംഗേ ഞാനൊന്നു ചോദിക്കട്ടെ?
നീ എന്തിനാണ് നിന്റെ പ്രണയത്തെ തട്ടി എറിഞ്ഞത്. നിങ്ങൾ സ്നേഹിച്ചത് ശരീരം കൊണ്ടായിരുന്നോ?
അല്ല ഒരിക്കലുമല്ല. എങ്കിലും ശരീരം ആ മനസ്സിനെ ഉൾക്കൊള്ളുന്ന ക്ഷേത്രമല്ലെ? അത് കവർന്നാൽ പിന്നെ ആ മനസ്സ് എങ്ങനെ ആശ്വസിക്കും..
എങ്ങനെ ധൈര്യത്തോടെ തന്റെ പ്രണയത്തെ നേരിടും..
ഞാൻ മറുചോദ്യം ചോദിച്ചു..
ഒക്കെ ശരിതന്നെ.. എന്നാലും നീ നിന്റെ മനസ്സ് കൊടുത്ത ആളോട് എല്ലാം പറയണമായിരുന്നു.
ഞാൻ അതു പറഞ്ഞാൽ ഏട്ടനെ ഒരു ശ്രീകോവിലിൽ ദൈവത്തിനു തുല്യം പ്രതിഷ്ഠിച്ചിരുന്ന അനുജന് അതു താങ്ങാൻ കഴിയില്ല എന്ന് കരുതി. അയാൾ കുടുംബത്തിലുണ്ടാക്കിയ സൽപ്പേര് നഷ്ടമായാൽ പലരും തകർന്നു പോകും എന്ന് ചിന്തിച്ചു.. സ്വയം ശിക്ഷിച്ചു..
എല്ലാം വെറുതെ ആയിരുന്നു എന്ന് അറിയാൻ വർഷങ്ങൾ വേണ്ടിവന്നു..
ആറുമാസം മുൻപ് മുത്തശ്ശി മരിക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് എല്ലാം അറിഞ്ഞത്.
മുത്തശ്ശിക്ക് മുൻപിൽ സത്യം ചെയ്തു കൊടുത്തു. ഏട്ടനെ കണ്ടു പിടിച്ച് മാപ്പപേക്ഷിക്കാം എന്ന്.
അപ്പോഴാണ് അവിടെ എത്തിയ നയന പറഞ്ഞത് അയാളുടെ ശരീരത്തോടോപ്പം വന്ന ഡയറിയിൽ നിന്നും കാര്യങ്ങൾ അമ്മാവനും നയനയും അറിഞ്ഞിരുന്നു എന്ന്. അന്നുമുതൽ അവർ തിരയുകയായിരുന്നു ഏട്ടനെയെന്ന്..
ഞാൻ പറയും മുൻപ് തന്നെ നയന എല്ലാം അറിഞ്ഞിരുന്നു.. അത് എന്നെ അമ്പരപ്പിച്ചു.
അവൾ പറഞ്ഞു ഞാൻ നിന്നെ ഒളിച്ചത് മന:പ്പൂർവമല്ല..
അച്ഛൻ പറഞ്ഞിട്ടാണ്. നിനക്കച്ഛനെയും മറ്റുള്ളവരെയും നേരിടാൻ ബുദ്ധിമുട്ടുണ്ടാകാതിരിക്ക്ൻ.
ഒന്നും അമ്മായിയെ അറിയിച്ചില്ല.. മുത്തശ്ശിയേയും.
കഴിഞ്ഞിടയ്ക്കാണ് ഇവിടെ കണ്ടു എന്നൊരാൾ പറഞ്ഞത്. ഒന്നു മാപ്പു പറയണം..
അപ്പോൾ അയാൾ വിവാഹിതനാണെങ്കിൽ?
ശാരദേച്ചി ചോദിച്ചു.
എങ്കിൽ എനിക്കേറെ സമാധാനമാകും..
ശിഷ്ടകാലം സമാധാനമായി കഴിയാം..
നാട്ടിൽ എത്തി വഴിക്കണ്ണുമായിരിക്കുന്ന അമ്മാവനെ കാണാൻ പറയണം. അത്രമാത്രം.
പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാതെ ഭാരം കുറഞ്ഞതുപോലെ.
ഗംഗേ.. കേട്ടിടത്തോളം നിങ്ങളുടെ പ്രണയം ആത്മാവുകളുടെ സംഗമം ആയിരുന്നു..
അതിനാൽ അയാളും നിന്നെപ്പോലെ ഓർമ്മകളിൽ തീരാ നൊമ്പരങ്ങളിലാകും.. ഇത് ഹരിദ്വാർ ആണ്. ഇവിടെ നീ അയാളെ കാണാൻ ഇടയാകട്ടെ.. നിങ്ങൾക്ക് ഈ സന്നിധിയിൽ പരസ്പരം അറിയാൻ കഴിയട്ടെ. നിങ്ങളുടെ പ്രണയം വീണ്ടും പൂക്കട്ടെ..
എന്റെ മനസ്സ് അങ്ങനെ പറയുന്നു.. ഈ ഗംഗാ മാതാവ് എല്ലാം അറിയുന്നു..
ഇത്രയും പറഞ്ഞ് ശാരദേച്ചി എണീറ്റപ്പോൾ താൻ പറഞ്ഞു ഞാൻ അല്പം കൂടി ഇവിടെ ഇരിക്കട്ടെ.
ശാരദേച്ചി സമ്മതം പറഞ്ഞു പോകുമ്പോൾ ആ വാക്കുകൾ കാതിൽ അലയടിച്ചു..അറിയാതെ മനസ്സിന്റ താഴിട്ട വാതിലുകൾ മെല്ലെ തുറക്കാൻ തുടങ്ങി..
ഒരു കുളിർകാറ്റടിച്ച് മനസ്സിന്റെ തന്ത്രികൾ മെല്ലെ സ്വരങ്ങളുയർത്താൻ തുടങ്ങും പോലെ..
അടുത്ത് ആരുടെയോ ശ്വാസതാളം കേട്ട് ഞെട്ടി.
തിരിഞ്ഞു നോക്കിയ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല.
അല്പം കഷണ്ടി വന്നു അല്ലാതെ ഒരു മാറ്റവും ഇല്ല..
കണ്ണുകൾ ഇറുകെ അടച്ചു തുറന്നു..
സ്വയം നുള്ളി നോക്കി.. സ്വപ്നമല്ല..
സ്വന്തം മൂക്കിനടിയിൽ കൈവച്ചു നോക്കി. മരിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തി..
ആ മിഴികളിൽ വർഷങ്ങൾക്ക് മുൻപു കണ്ട അതേ സ്നേഹം..
അതേ നോട്ടം.. പക്ഷ മിഴികളിൽ വേദന ഒളിഞ്ഞിരിക്കുന്നുണ്ട്..
ശിവാ.. തന്നെ ശിവ എന്ന് വിളിക്കുന്ന ഒരാളെ ഉള്ളു. അത്..
ആകാംക്ഷയോടെ കാതുകൾ കൂർപ്പിച്ചു.. ശിവ എന്നല്ലെ കേട്ടത്..
രണ്ടാമത്തെ വിളിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
ഇതെന്തു കോലമാണെടീ? നിന്റെ പ്രസരിപൊക്കെ എവിടെ നഷ്ടമായി?
ഞാൻ.. വാക്കുകൾ കിട്ടാതെ തപ്പിത്തടയുമ്പോൾ പറഞ്ഞു നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു..
ഇരു തോളിലും പിടിച്ച് അഭിമുഖം നിർത്തിക്കൊണ്ട് അയാൾ പറഞ്ഞു.
ഞാൻ ഋഷികേശ് മുതൽ നിന്റെ പിന്നാലെ ഉണ്ടായിരുന്നു..ശാരദേച്ചി പറഞ്ഞ ആ ഡോക്ടർ ഞാനാണ്..
നിനക്കൊരു വാക്ക് അന്നെന്നോടു പറയാമായിരുന്നു.
ശാരദേച്ചി ചോദിച്ചപോലെ നിന്റെ ശരീരത്തെ ആണോ ഞാൻ സ്നേഹിച്ചത്, ഇഷ്ടപ്പെട്ടത്?
നമ്മൾ ജന്മങ്ങളായി ഒന്നായവരല്ലെ? എന്നിട്ടും നീ എന്നെ അറിയാതെ പോയല്ലോ?
നീ അല്ലാതെ ഒരുപെണ്ണും ഈ കൈകളിൽ ഒതുങ്ങി ഇടനെഞ്ചിൽ മുഖം അമർത്തില്ല.. ഈ ഹൃദയം തുടിക്കുന്നത് ഒരാൾക്ക് വേണ്ടി മാത്രമാണ്..
സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്ന് തോന്നിയ നിമിഷങ്ങൾ..
ആ കരവലയത്തിൽ ഒതുങ്ങി ആ നെഞ്ചിലേക്ക് ചായുമ്പോൾ മനസ്സ് പറഞ്ഞു ശാരദേച്ചി പറഞ്ഞതു പോലെ പ്രണയം പൂക്കുന്ന ഹരിദ്വാർ..
മനസാ ദേവിയ്ക്ക് ഈ ശിവഗംഗയുടെ ഒരു കോടി സാഷ്ടാംഗ പ്രണാമം..
ഗംഗയിലെ ഓളങ്ങളെ തഴുകിയ തണുത്ത കാറ്റിൽ ശിവഗംഗയിലെ പ്രണയം വീണ്ടും പൂത്തുലഞ്ഞു..