അടുത്ത വർഷത്തെ ഐപിഎലും യുഎഇയിൽ നടന്നേക്കാമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ശക്തിപ്പെടുത്താൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ബിസിസിഐ കരാർ ഒപ്പിട്ടു എന്നും കരാർ പ്രകാരം അടുത്ത വർഷത്തെ ഐപിഎലും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും യുഎഇയിൽ നടന്നേക്കാമെന്ന് ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ കരാർ ഒപ്പിട്ടത് ഇക്കൊല്ലത്തെ ഐപിഎൽ നടത്താൻ മാത്രമാണെങ്കിലും യുഎഇ മറ്റ് ആവശ്യങ്ങൾ കൂടി മുന്നോട്ടുവച്ചിട്ടുണ്ടെന്നും അതിൽ ചർച്ചകൾ നടക്കുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ശക്തിപ്പെടുത്താൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി കരാർ ഒപ്പിട്ടു എന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. എന്നാൽ, ഇന്ത്യയിലെ കൊവിഡ് ബാധ കുതിക്കുന്ന സാഹചര്യത്തിൽ ഉടനെയൊന്നും രാജ്യത്ത് കായിക മത്സരങ്ങൾ നടക്കാൻ സാധ്യതയില്ലെന്നുമാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 2021 ഐപിഎലിനും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കും യുഎഇ ആതിഥ്യം വഹിച്ചേക്കും.

അതേസമയം, ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാണ് ചെന്നൈ ഇറങ്ങുന്നത്.