വാഷിങ്ടൻ ∙ചൈനയുടെ ജനപ്രിയ ആപ്പുകളായ ടിക്‌ടോകിനും വിചാറ്റിനും അമേരിക്കയില്‍ നിരോധനം ഏർപ്പെടുത്തുമെന്നു റിപ്പോർട്ട്. ഞായറാഴ്ച മുതല്‍ പ്ലേ സ്റ്റോറിന്‍ നിന്നും ഇവ രണ്ടും നീക്കം ചെയ്യും. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ നടപടി. ഇതോടുകൂടെ ചൈനയ്ക്ക് വന്‍ തിരിച്ചടിയാവുമെന്നാണ് അറിവ്. വിചാറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ടിക്‌ടോകിന് നോട്ടീസ് അയച്ചുകഴിഞ്ഞു എന്ന് യുഎസ് വാണിജ്യവകുപ്പ് പ്രസ്താവന ഇറക്കി. ഈ ആപ്പുകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നാണ് യുഎസ് കണ്ടെത്തിയത്. എന്നാല്‍ വേണ്ടത്ര സുരക്ഷ ക്രമീകരിച്ചാല്‍ ആപ്പ് നിലനിര്‍ത്തുന്ന കാര്യത്തില്‍ പരിഗണനയുണ്ടാവുമെന്നും റിപ്പോർട്ടുണ്ട്.

രണ്ട് ആപ്പുകള്‍ക്കും കൂടി അമേരിക്കയില്‍ പത്തുകോടിയിലധികം ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനും, ചൈനയില്‍ നിന്നുള്ള ഭീഷണിയില്‍ നിന്നും മോചനത്തിനുമാണ് ഈ നടപടിയെന്നാണ് യുഎസ് അധികൃതര്‍ സൂചിപ്പിക്കുന്നത്.