ന്യൂയോർക്ക്∙ നോർത്തമേരിക്കൻ ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണ് മലയാളി ട്രക്കെഴ്സ് അസോസിയേഷൻ ഓഫ് കാനഡ അഥവാ എംടാക്. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് കനേഡിയൻ മലയാളികൾക്ക് എല്ലാ വർഷവും ദൃശ്യവിസ്മയം ഒരുക്കുന്ന എംടാക് ലോക ജനതയെ ഭീതിയിലാഴ്ത്തിയ ഈ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് വീട്ടിൽ ഇരിക്കുക എന്ന ആശയം മുൻനിർത്തി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ സംഗീത മത്സരമാണ് എംടാക് ടോപ് സിംഗർ 2020.

മലയാളത്തിലെ പ്രശസ്തരായ നിരവധി പിന്നണി ഗായകരുടെയും സംഗീതജ്ഞരുടെയും അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച ഈ പ്രോഗ്രാമിന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ നിന്നും അത്ഭുതാവഹമായ പ്രതികരണമാണ് ലഭിച്ചത്.കാനഡയും അമേരിക്കയും ഓസ്ട്രേലിയയും ന്യൂസിലാൻഡും യുകെയും യുക്രഇനും സിംഗപ്പൂരും മലേഷ്യയും ഗൾഫ് നാടുകളും കേരളം ഉൾപ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അടക്കം നിരവധി പ്രദേശങ്ങളിൽ നിന്ന് നാനൂറോളം മത്സരാർത്ഥികൾ മൂന്നു റൗണ്ടുകളിൽ ആയി സംഗീത വിസ്മയം തീർത്ത പ്രോഗ്രാമാണിത്. യാതൊരുവിധ പിന്നണി സംഗീതത്തിന്റയും സഹായമില്ലാതെ സ്വയം പാടി റെക്കോർഡ് ചെയ്ത രണ്ട് മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോയാണ് മത്സരത്തിന് ആധാരം.

എംടാക് ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകൾക്ക് പ്രേക്ഷകർ കൊടുക്കുന്ന ലൈക്കും സംഗീത പ്രഗൽഭരായ വിധികർത്താക്കളുടെ മാർക്കും അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. കനേഡിയൻ റിയൽ എസ്റ്റേറ്റ് രംഗത്തെ എക്കാലത്തെയും വിശ്വസ്തയായ മലയാളി റിയാൽട്ടർ ജിഷ തോട്ടം മെഗാ സ്പോൺസർ ചെയ്ത ഈ മത്സരത്തിൽ കാനഡയിലെ പ്രഗത്ഭയായ മലയാളി അഭിഭാഷക ടീന ബെലെന്റ് ആണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തത്. കനേഡിയൻ ഇൻഷുറൻസ് രംഗത്തെ മലയാളി സാന്നിധ്യം ശ്രീ പ്രാണേഷ് കുഞ്ഞികൃഷ്ണൻ ആണ് മറ്റൊരു സ്പോൺസർ.

ലക്ഷക്കണക്കിന് പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ എംടാക് ടോപ് സിംഗർ 2020 യിൽ കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനി കുമാരി ദേവി മീരയാണ് ഒന്നാംസമ്മാനമായ 50000 രൂപക്ക് അർഹയായത്. രണ്ടാം സമ്മാനം 25000 രൂപ കണ്ണൂർ പയ്യന്നൂർ സ്വദേശിനി കുമാരി മേഘാ തമ്പാൻ കരസ്ഥമാക്കിയപ്പോൾ മൂന്നാം സമ്മാനം 12500 രൂപ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി ശ്രീ സഞ്ജയ് രാജ് കരസ്ഥമാക്കി. സംഗീത പ്രതിഭകൾ ഇഞ്ചോടിഞ്ചു മാറ്റുരച്ച ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച 10 പേർക്ക് എംടാക് സ്പെഷ്യൽ ജൂറി പുരസ്കാരം നൽകി.

സാധാരണ മത്സരങ്ങളിൽ പ്രഖ്യാപിച്ച സമ്മാനങ്ങൾ കൊടുത്തു കൊണ്ട് പരിപാടി അവസാനിപ്പിക്കുന്നതിൽ നിന്നും വ്യത്യസ്തമായി എംടാക് ഭാരവാഹികളുടെ മനസ്സിൽ തോന്നിയ ഒരു കനിവ് ഏതൊരു കനേഡിയൻ മലയാളിക്കും കേരള നാട്ടിൽ അഭിമാനിക്കാവുന്ന പ്രവർത്തനമാണ് ഇനി പറയുന്നത്. സ്വയം പാടി റെക്കോർഡ് ചെയ്ത രണ്ടു മിനിറ്റിൽ കുറയാത്ത മത്സരാർത്ഥികളുടെ വീഡിയോയിൽ സംഗീത പ്രാഗല്ഭ്യം വിലയിരുത്തുന്ന തോടൊപ്പം കഷ്ടപ്പാടിന്റെ കനൽ എരിയുന്നതു കൂടി കണ്ടെത്തിയവരാണ് എംടാക് പ്രവർത്തകർ. പല മത്സരാർത്ഥികളുടെയും പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ വീടുകളും ആ വീഡിയോ കളിൽ ഉൾപ്പെട്ടിരുന്നു.

ഈ കൊറോണക്കാലത്ത് രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയും ഭക്ഷ്യ സംവിധാനങ്ങളെയും താങ്ങി നിർത്തുവാൻ വേണ്ടി ജീവൻ പണയം വച്ച് ട്രക്ക് ഓടിച്ചവരാണ് ഡ്രൈവർമാർ. ഇങ്ങനെ സമ്പാദിച്ച തുകയുടെ ഒരു അംശം മാറ്റിവച്ചുകൊണ്ട് എംടാക് ടോപ് സിംഗർ 2020 യിൽ പങ്കെടുത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ ഒരു മത്സരാർത്ഥിക്ക് വീട് നിർമ്മിച്ചു കൊടുക്കുവാൻ വേണ്ടി എംടാക് ഹോം എന്ന പേരിൽ ഒരു പദ്ധതി കൂടി എംടാക് പ്രവർത്തകർ ആരംഭിച്ചുകഴിഞ്ഞു. ഇവരുടെ ഈ പ്രവർത്തനമാണ് മറ്റു മത്സരങ്ങളിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും എംടാക്കിനെ വ്യത്യസ്തരാക്കുന്നത്. എംടാക് ആരംഭിച്ച ഈ കനിവിന്റെ നീരുറവ ഒരു മഹാനദി ആക്കുന്നതിനായി മലയാളികളായ നമുക്ക് ഓരോരുത്തർക്കും സഹകരിക്കാം.

മിസ്സിസ്സാഗയിൽ നടന്ന എംടാക് ടോപ് സിംഗർ 2020 സമാപനച്ചടങ്ങിൽ നിരവധി എംടാക് അംഗങ്ങളോടൊപ്പം സ്പോൺസർമാരും കാനഡയിലെ പ്രമുഖ മലയാളി സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു. ഈ മത്സരത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എംടാക് സംഘടനയുടെ പ്രസിഡന്റും ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റുമായ ശ്രീ സോമോൻ സക്കറിയ കൊണ്ടൂരാൻ ആശംസകൾ അറിയിച്ചു. അതോടൊപ്പം എംടാക് ഭവന പദ്ധതിയുടെ വിജയത്തിനു വേണ്ടി മനസ്സിൽ നന്മ കാത്തുസൂക്ഷിക്കുന്ന എല്ലാ മലയാളികളുടെയും സഹായ സഹകരണങ്ങളും അദ്ദേഹം അഭ്യർഥിച്ചു.

എംടാക് കൊച്ചു കുട്ടികൾക്കുവേണ്ടി അണിയിച്ചൊരുക്കുന്ന മറ്റൊരു സംഗീതവിസ്മയം MTAC ജൂനിയർ ടോപ് സിംഗർ 2020 ഒക്ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. MTAC ഹോമിന് നടത്തുന്ന കാരുണ്യ പ്രവർത്തനത്തിൽ സഹകരിക്കുന്നതിനും MTAC ജൂനിയർ 2020 യെ കുറിച്ച് കൂടുതൽ അറിയുവാനും വിളിക്കുക.

+1 647-717-5987

സോമോൻ സക്കറിയ(പ്രസിഡൻറ്)

+1 647-233-1615

സെബി ജോസഫ് (സെക്രട്ടറി)

+1 437-350-7080

പ്രിൻസ് പെരേപ്പാടൻ (ട്രഷറർ)

സംഭാവനകൾ ഈമെയിൽ ട്രാൻസ്ഫർ ചെയ്യുന്നതിനായി

mtac.canada@gmail.com