നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിഖ് അബു . ആരുടെയും പേരെടുത്ത് പറയാതെ
സിദ്ധിഖിനും ഭാമയ്ക്കും എതിരെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. തന്‍്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംവിധായകന്‍ ഈ വിമര്‍ശനം നടത്തിയിരിക്കുന്നത്.

കേസിന്റെ വിധിയെന്തായാലും നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുംവരെ ഇരയ്‌ക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് അബു തന്റെ പോസ്റ്റില്‍ പറയുന്നു.

താര സംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് ഇരുവരും കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ മാറ്റി പറഞ്ഞു.. ഇതിന് മുന്‍പ് ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവരും ദിലീപിന് അനുകൂലമായി മൊഴി മാറ്റിയിരുന്നു.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍ എന്നിവരും സിദ്ദിഖിന്റെയും ഭാമയുടെയും നടപടിയെ വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ആഷിഖിന്‍്റെ പ്രതികരണം.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ല.
നടന്ന ക്രൂരതയ്ക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികള്‍ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവര്‍ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകള്‍ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവള്‍ക്കൊപ്പംമാത്രം