തിരുവനന്തപുരം: കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വെട്ടുകാട് സ്വദേശി ലിജിൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലിജിന്റെ ഭാര്യപിതാവ് നിക്കോളാസിനെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി നിക്കോളാസിന്റെ വീട്ടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി എത്തിയ ലിജിൻ നിക്കോളാസിനെ വീട്ടിൽ നിന്നു വിളിച്ചിറക്കുകയായിരുന്നു. മദ്യപാനിയായ ലിജിൻ സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷമാണ് സംഭവ സ്ഥലത്ത് എത്തിയത്. പത്തിലധികം സുഹൃത്തുക്കൾ ലിജിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനിടയിലാണ് ലിജിന് കുത്തേറ്റത്.

ശരീരത്തിൽ മാരകമായ കുത്തേറ്റ ലിജിൻ സംഭവ സ്ഥലത്തു കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ലിജിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്തു.