ദുബായ്: വിരമിക്കലിന് ശേഷമുള്ള ധോണിയുടെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തലയുടെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുന്ന ചെന്നൈ ആരാധകരുടെ ആവേശം ഇരട്ടിയാക്കി പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും രംഗത്തെത്തി. വര്‍ധിത വീര്യത്തോടെയാണ് ധോണിയുടെ മടങ്ങി വരവെന്ന് അദ്ദേഹം മുംബൈക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

വിരമിക്കലൊന്നും ധോണിയെ ബാധിച്ചിട്ടില്ലെന്നാണ് ഫ്‌ലെമിംഗ് പറയുന്നത്. അദ്ദേഹം മാനസികമായും ശാരീരികമായും ഐപിഎല്ലിനായി തയ്യാറെടുത്തു കഴിഞ്ഞു. ജയിക്കാനും പോരാടാനും അതിയായ ആഗ്രഹമാണ് ധോണിയില്‍ ഉള്ളത്. ഈ ഐപിഎല്ലും അദ്ദേഹത്തിന് വ്യത്യസ്തമായ ഒന്നല്ലെന്നും പറഞ്ഞ ഫ്ലെമിംഗ് മുംബൈ പോലൊരു മികച്ച ടീമിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുരേഷ് റെയ്നയുടെ അഭാവത്തില്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനും അവസാന നാല് ഓവറില്‍ ക്രീസില്‍ തുടരാനും ധോണിക്ക് അവസരം ലഭിക്കും. അവസാന ഓവറുകളില്‍ ധോണി ക്രീസിലുള്ളത് ഏത് ടീമിനും വെല്ലുവിളിയാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.