മഞ്ചേശ്വരം എംഎൽഎഎംസി കമറുദീനെതിരായ അന്വേഷണം നിർണായക ഘട്ടത്തിൽ. ഫാഷൻ ഗോൾഡ് രൂപീകരണം മുതലുള്ള ഔദ്യോഗിക രേഖകൾ നൽകാൻ ക്രൈംബ്രാഞ്ച്, രജിസ്ട്രാർ ഓഫ് കമ്പനിസിനു നോട്ടീസ് നൽകി. തെളിവുകൾ പൂർണമായി ശേഖരിച്ച ശേഷം എംഎൽഎയെ ചോദ്യം ചെയ്യാനാണ് നീക്കം.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ 13 പരാതികളിൽ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. ഇതിൽ കൃത്യമായി സമ്പത്തിക തട്ടിപ്പ് നടന്നു എന്നതിന് പ്രാഥമിക തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫാഷൻ ഗോൾഡ് കമ്പനി രൂപീകരണം മുതൽ ഉള്ള ഔദ്യോഗിക രേഖകൾ നൽകാൻ രജിസ്ട്രാർ ഓഫ് കമ്പനീസിനു ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കൊച്ചി ആസ്ഥാനത്തേക്കാണ് നോട്ടീസ് അയച്ചത്. തട്ടിപ്പ് ആസൂത്രിതമാണോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. എങ്കിൽ ഗൂഡാലോചന കുറ്റത്തിനു ഐപിസി 120-ാംവകുപ്പ് കൂടി ചേർക്കും.

ഏതായാലും തെളിവുകൾ എല്ലാം കണ്ടെത്തിയ ഉടൻ എംഎൽഎയെ ചോദ്യം ചെയ്യാനാണ് നീക്കം. ഇതിൽ പൊലീസിന് ലഭിച്ച കൂടുതൽ പരാതികൾ ക്രൈംബ്രാഞ്ചിനു കൈമാറുന്നുണ്ട്. ക്രൈംബ്രാഞ്ച് എസ്പി കെ.കെ മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ലോക്കൽ പൊലീസിൽ നിന്നുള്ള കൂടുതൽ പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.