തൃശൂർ പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. പൊലീസ് അക്കാദമിയിൽ വച്ച് പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഈ മാസം 13 ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു ദിവസം വൈകിയാണ് ഹരീഷിനെ ക്യാമ്പിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ, മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയയെന്ന് രേഖപ്പടുത്തിയത് സംശയത്തിന് ഇടയാക്കുന്നതായിരുന്നു. കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാക്കിയില്ലെന്നും ബന്ധുക്കൾ പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലും മതിയായ പരിചരണം ലഭിച്ചിരുന്നില്ല.

എന്നാൽ, സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസ് അക്കാദമിയുടെ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നൽകിയിട്ടുണ്ട്.