ചരിത്ര പ്രസിദ്ധയായ അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബെയ്ഡര്‍ ഗിന്‍സ്‌ബെര്‍ഗ് (ആര്‍ബിജി) അന്തരിച്ചു. നിയമ, സാമൂഹിക നീതി മേഖലയിലെ എണ്ണപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളും ഫെമിനിസ്റ്റ് ഐക്കണുമായാണ് ആര്‍ബിജി അറിയപ്പെടുന്നത്. 87 വയസായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സര്‍ മൂലമായിരുന്നു അന്ത്യം.

എല്ലാക്കാലത്തും ലിംഗവിവേചനത്തിനെതിരെ പോരാടിക്കൊണ്ട് തന്റെ കരിയറില്‍ ഉയര്‍ന്നുവന്ന ആള്‍ കൂടിയാണ് ജസ്റ്റിസ് ഗിന്‍സ്ബര്‍ഗ്. 1993-ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കുന്ന സമയത്താണ് ഗിന്‍സ്‌ബെര്‍ഗ് നിയമിതയാകുന്നത്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം, ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം, വോട്ടവകാശം, കുടിയേറ്റം, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങളിലെല്ലാം പുരോഗമനാത്മകമായ നിലപാടുകളും വിധിന്യായങ്ങളും പുറപ്പെടുവിച്ച ജഡ്ജിയാണ് ഗിന്‍സ്‌ബെര്‍ഗ്. പുരോഗമന ചിന്താഗതിയുള്ള യുവതലമുറയുടേയും ഒപ്പം ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും ബിംബം എന്ന നിലയില്‍ കൂടിയാണ് ആര്‍ബിജി എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന ഗിന്‍സ്‌ബെര്‍ഗ് അറിയപ്പെട്ടിരുന്നത് .

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏഴാഴ്ചകള്‍ മാത്രം അവശേഷിക്കെ, ജസ്റ്റിസ് ഗിന്‍സ്‌ബെര്‍ഗിന്റെ മരണവും അവര്‍ക്ക് പകരം ആരെ നിയമിക്കും എന്നതും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. താന്‍ മരിച്ചാല്‍ പുതിയ നിയമനം നടത്തുന്നത് അടുത്ത പ്രസിഡന്റായിരിക്കണമെന്ന് അവര്‍ തന്റെ കൊച്ചുമകളോട് പറഞ്ഞിരുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയും കൂടിയായിരുന്ന അവര്‍, ഒരിക്കല്‍ ട്രംപിനെ വിശേഷിപ്പിച്ചത് ‘വ്യാജന്‍’ എന്നാണ്. പിന്നീട് അവര്‍ ഈ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

‘ജഡ്ജിമാരുടെ ജഡ്ജി’ എന്നു പോലും അവര്‍ അറിയപ്പെട്ടിരുന്നു. ഓരോ വിഷയങ്ങളിലും സ്വീകരിക്കുന്ന സുവ്യക്തമായ നിലപാടുകളുടെ പേരിലായിരുന്നു ഇത്.