ഇംഗ്ലണ്ട് പര്യടനത്തിലുണ്ടായിരുന്ന താരങ്ങൾ ഐപിഎലിനായി യുഎഇയിലെത്തുമ്പോൾ ക്വാറൻ്റീനിൽ ഇളവ് ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 36 മണിക്കൂർ ക്വാറൻ്റീൻ വാസമാണ് ഇവർക്കുള്ളത്. എന്നാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുള്ള താരങ്ങൾക്ക് ഈ ഇളവ് ലഭ്യമാവില്ല. 6 ദിവസത്തെ ക്വാറൻ്റീൻ വാസം കഴിഞ്ഞേ കൊൽക്കത്ത താരങ്ങൾക്ക് ടീമിൻ്റെ ബയോ ബബിളിൽ പ്രവേശിക്കാൻ സാധിക്കൂ.

 

ഓസീസ് പേസർ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ടോം ബാൻ്റൺ എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉൾപ്പെടുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അബുദാബിയിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. അബുദാബിയിൽ കൊവിഡ് കേസുകൾ അധികരിക്കുന്നത് കൊണ്ടാണ് ഇവർക്ക് 6 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് ആണ് അബുദാബിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന മറ്റൊരു ടീം. പര്യടനത്തിലുള്ള ഒരു താരവും മുംബൈ ടീമിൽ ഇല്ല.

 

നാളെയാണ് ഐപിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ തമ്മിൽ അബുദാബിയിലാണ് കന്നി പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.