മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വര്‍ണ്ണക്കടത്ത് സംഘമാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും അജ്ഞാത സംഘം കടത്തി കൊണ്ടു പോയ റിയാസ് പൊലീസിനോട് വെളിപ്പെടുത്തി. കുറ്റ്യാടി കുണ്ടുതോട് സ്വദേശിയായ റിയാസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കോഴിക്കോട് വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.

കൊണ്ടോട്ടി ഭാഗത്തെത്തിയപ്പോള്‍ കാര്‍ തടഞ്ഞ് അജ്ഞാത സംഘം ഇയാളെ കടത്തി കൊണ്ടു പോകുകയായിരുന്നു. ഉടന്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ വിവരം പൊലീസിനെ അറിയിച്ചു. തന്നെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കായി കൂട്ടിക്കൊണ്ടു പോയതാണെന്നും പരാതിയില്ലെന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

പിന്നീടാണ് ദുബായിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് സ്വര്‍ണ്ണം കൊണ്ടു വരുന്നതിനായി തന്നെ ചിലര്‍ സമീപിച്ചെന്നും രേഖകളില്ലാത്ത സ്വര്‍ണ്ണമായതിനാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ സ്വര്‍ണ്ണം ആവശ്യപ്പെട്ടാണ് ഒരു സംഘം തന്നെ തട്ടിക്കൊണ്ടു പോയതെന്നും മര്‍ദ്ദിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. ഇയാളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുമുണ്ട്.