പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി റിയാ ആന്‍ തോമസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. റിയയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

മലപ്പുറം നിലമ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരുടെ പണം ഏതൊക്കെ എക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിയയില്‍ നിന്നും തേടിയത്.

സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ പൊലീസിന്റെ അന്വേഷണം തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രതിക്കായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.