യൂറോപ്പില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനുള്ള ആലോചനകളില്‍ ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍. യൂറോപ്പില്‍ വീണ്ടും സമൂഹവ്യാപനത്തിന്റെ അപായസൂചനകള്‍ കാണുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യുകെ ഗവണ്‍മെന്റ് ആലോചിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച ഇത് സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടാകുമെന്നാണ് ബിബിസി പറയുന്നത്. ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

യൂറോപ്പില്‍ കോവിഡ് മൂലമുള്ള മരണം കൂടിയേക്കാമെന്ന് ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് ശക്തമായ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നു. സ്പെയിനില്‍ മാഡ്രിഡിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള രാജ്യമായി വന്നത് ഇറ്റലിയും രണ്ടാമത് സ്പെയിനുമായിരുന്നു. യുകെയും കോവിഡ് കേസുകളിലും മരണങ്ങളിലും മുന്നിലായിരുന്നു. പിന്നീടാണ് യുഎസ്സിലും ബ്രസീലിലും കേസുകളും മരണവും കൂടിയത്. പിന്നീട് ഇന്ത്യയും ഈ പട്ടികയിലേയ്ക്ക് വന്നു.