കൊച്ചി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പാക്കി. തിരക്കഥ എംടി വാസുദേവൻ നായർക്ക് നൽകാൻ ധാരണയായി. ഒത്തുതീർപ്പ് കരാർ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

രണ്ടാമൂഴത്തിന് സമാനമായ കഥയിൽ ശ്രീകുമാർ മേനോൻ സിനിമ എടുക്കില്ലെന്ന് ധാരണയായിട്ടുണ്ട്. ശ്രീകുമാർ മേനോന് അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ എംടി വാസുദേവൻ നായർ തിരിച്ച് നൽകും. തന്റെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷമെന്ന് എംടി വാസുദേവൻ നായർ പ്രതികരിച്ചു. കോടതികളിലെ കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കാനും തീരുമാനിച്ചു.

2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പു വെച്ചത്. കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലുവർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവൻ നായർ സംവിധായകനും നിർമാതാക്കൾക്കുമെതിരെ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് സുപ്രിംകോടതിയിലും ഹർജി നൽകിയിരുന്നു.