കെ ടി ജലീലിന്റെ രാജി ആവശ്യം ശക്തമായിരിക്കെ സിപിഐഎമ്മിന്റെയും ഇടത് മുന്നണിയുടേയും നിർണായക നേതൃയോഗങ്ങൾ ഇന്ന് ചേരും. രാവിലെ സെക്രട്ടറിയേറ്റ് യോഗവും വൈകിട്ട് ഇടത് മുന്നണി യോഗവുമാണ് നടക്കുന്നത്. ജലീലിന്റെ രാജി ആവശ്യം രണ്ട് യോഗങ്ങളും തള്ളുമെങ്കിലും ഇടത് മുന്നണി യോഗത്തിൽ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

വിവിധ വിവാദങ്ങൾ സർക്കാരിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. സർക്കാർ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ എങ്ങനെ മറികടക്കാമെന്ന ചർച്ചയായിരിക്കും പ്രധാനമായും യോഗത്തിൽ നടക്കുക. കെ ടി ജലീൽ വിഷയവും, ഇ പി ജയരാജന്റേയും കോടിയേരിയുടെയും മക്കൾക്ക് എതിരായ വിവാദങ്ങളുമെല്ലാം യോഗത്തിന്റെ പരിഗണനയിൽ വരും. കേന്ദ്രസർക്കാരിന്റെ താത്പര്യപ്രകാരം കേസ് അന്വേഷിക്കുന്ന മൂന്ന് ഏജൻസികളും സർക്കാരിനെതിരായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നുവെന്ന വിമർശനം യോഗത്തിൽ ഉയരും.

കേന്ദ്ര മന്ത്രി വി മുരളീധരനെതിരായ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. കെ ടി ജലീലിന്റെ രാജി ആവശ്യം പാർട്ടി നേതൃത്വം തള്ളും. വൈകിട്ട് മൂന്ന് മണിക്കാണ് ഇടത് മുന്നണി യോഗം നടക്കുന്നത്. ജലീലിന്റെ രാജി ആവശ്യം മുന്നണി നേതൃത്വവും തള്ളിക്കളയുകയാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നതിൽ സിപിഐ അടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മുന്നണി യോഗത്തിൽ പ്രതിഫലിക്കും. വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികളും യോഗം തീരുമാനിക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെങ്കിലും അടുത്തയാഴ്ച നടക്കുന്ന സിപിഐഎമ്മിന്റേയും സിപിഐയുടേയും നേതൃയോഗങ്ങൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.