കോട്ടയം: മുന്‍ മുഖ്യമന്ത്രിയും സമുന്നത കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വര്‍ഷം തികയുന്നു. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കോവിഡ് മാനദണ്ഡ പ്രകാരം ഇന്നു നടക്കും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈന്‍ വഴി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസാരിക്കും.

‘സുകൃതം സുവര്‍ണ്ണം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ട 50 അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ലക്ഷകണക്കിനു ആളുകള്‍ ഓണ്‍ലെെനായി പരിപാടിയില്‍ പങ്കെടുക്കും. പരിപാടിക്ക് മുന്‍പ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മന്‍‌ചാണ്ടി എത്തും. വൈകുന്നേരം ഓണ്‍ലൈന്‍ വഴി എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി ഉമ്മന്‍‌ചാണ്ടി സംവദിക്കും.

വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളം രാഷ്ട്രീയം അത്രമേല്‍ കലങ്ങിമറിയുമ്ബോഴാണ് നിയമസഭാംഗത്വത്തിന്റെ അരനൂറ്റാണ്ടിലൂടെ ഉമ്മന്‍ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 1970ല്‍ ഇരുപത്തിയേഴാം വയസില്‍ ആദ്യമായി എംഎല്‍എയായ ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി പതിനൊന്നാം തവണയാണു പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്.