ഇടവേളയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ദുരന്തനിവാരണ കമ്മീഷണർ എ.കൗശിക് സർക്കാരിന് കൈമാറിയ റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സ്ഥാപിക്കാനുള്ള ഓർഡിനൻസും ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ വരും.

സർക്കാരിനെതിരെ വലിയ തരത്തിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭായോഗം ചേരുന്നത്. വിഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും യോഗം. രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്നത്. ഒന്ന്, സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ദുരന്തനിവാരണ കമ്മീഷണർ എ. കൗശിക് സർക്കാരിന് കൈമാറിയ റിപ്പോർട്ട് യോഗം പരിഗണിക്കും. പൊലീസ്, ഫോറൻസിക്, പൊതുമരാമത്ത് വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകളെ ശരിവയ്ക്കുന്ന വിധത്തിലാണ് ഉന്നതതല സമിതിയുടേയും റിപ്പോർട്ട്. തീപിടിത്തം ഉണ്ടായത് വൈദ്യുതി ഷോർട്ട് സർക്യൂട്ടു മൂലമാണെന്ന് ഉന്നതതല സമിതി സ്ഥിരീകരിച്ചിരുന്നു. അട്ടിമറി സാദ്ധ്യതകൾ ഒന്നുമില്ലെന്ന സമിതിയുടെ റിപ്പോർട്ടാണ് യോഗം പരിഗണിക്കുന്നത്.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സ്ഥാപിക്കാനുള്ള ഓർഡിനൻസാണ് രണ്ടാമത്തെ വിഷയം. ഓർഡിനൻസ് മന്ത്രിസഭായോഗം അംഗികരിച്ച് ഗവർണർക്ക് കൈമാറും. ഒക്ടോബർ രണ്ടിനാണ് ശ്രീനാരായണ സർവകലാശാല പ്രവർത്തനം ആരംഭിക്കാനിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ആ വിഷയങ്ങളും മന്ത്രിസഭായോഗത്തിൽ പരിഗണിച്ചേക്കും.