എത്രയോ മായാത്ത ചിത്രങ്ങളെന്നിൽ
വരച്ചു ചേർത്തു എൻ വിദ്യാലയം
മധുരിക്കുമോർമ്മകൾ സമ്മാനമായ് തന്നു
ഓർമ്മയിലെന്നും ചേർന്നു നിന്നു
എത്രമനോഹരമാണെൻ വിദ്യാലയം
സൗഗന്ധികത്തിൻ ചാരുതയോടെ
അക്ഷരപ്പൂവുകൾ മന്ത്രങ്ങളായെന്നിൽ
അമൃത്പകർന്നൊരു ദേവാലയം..
പ്രണയ വർണ്ണങ്ങളിൽ ചാലിച്ചെടുത്ത
ആയിരം സ്വപ്നങ്ങൾ കാത്തുവച്ചു
ഓർമ്മകൾ മയിൽ പീലി തുണ്ടുപോൽ
അരുമയായ് ഹൃദയത്തിൽ ചേർത്തുവച്ചു
ഒരിക്കൽ കൂടിയാ കാലത്തിലേക്കൊന്നു
തിരികെ നടക്കുവാൻ മോഹമായി..
വിറയാർന്ന ചുണ്ടിലൊളിച്ചൊരെൻ സ്വപ്നത്തിൻ
നിറമുള്ള ചിറകിൽ പറന്നുയരാൻ..