തിരുവനന്തപുരം: ജില്ലയില്‍ 39 വിവിധ ഭാഷ തൊഴിലാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മാണത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റിലാണ് ഇവര്‍ക്ക് കൊറോണ പോസീറ്റീവായത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈറ്റില്‍ എത്തിയപ്പോള്‍ മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. അതേസമയം തിരുവനന്തപുരം പോലീസ് ഗസ്റ്റ് ഹൗസിലെ പാചകക്കാരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജൂലൈയില്‍ മാത്രം 4531 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. തിരുവനന്തപുരം പാലോട് സ്വദേശിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.