തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. ബുധനാഴ്‌ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംപ്രാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രളയസാധ്യത കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഓഗസ്റ്റ് രണ്ട് (നാളെ) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത

ഓഗസ്റ്റ് നാലോടു കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള നേരിയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളില്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ദുരിതാശ്വാസ ക്യാംപുകള്‍ക്കായി കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്.

അപകടസാധ്യത മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണം

അതിതീവ്ര മഴ വലിയ അപകടസാധ്യതയുള്ളതാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും. ആയതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും പൂര്‍ണ്ണ സജ്ജരാവുകയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊണ്ട് ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ക്ക് ക്യാംപുകള്‍ സജ്ജീകരിച്ച്‌ ആളുകളെ അറിയിക്കേണ്ടതും പകല്‍ സമയത്ത് തന്നെ ക്യാംപുകളിലേക്ക് ആളുകളെ മാറ്റേണ്ടതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മത്സ്യബന്ധനത്തിനു വിലക്ക്

കേരള തീരത്ത് നിന്ന് മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല. ഓഗസ്റ്റ് ഒന്ന് മുതല്‍ മുതല്‍ ഓഗസ്റ്റ് എട്ട് വരെ അറബിക്കടലില്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ്, മാലിദ്വീപ് (ഓഗസ്റ്റ് 1 മുതല്‍ 2 വരെ), അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

01-08-2020 മുതല്‍ 05-08-2020 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും മധ്യ അറബിക്കടലും മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

01-08-2020 മുതല്‍ 05-08-2020 വരെ : ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ (ഓഗസ്റ്റ് 4 മുതല്‍ 5 വരെ) എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

04-08-2020 മുതല്‍ 05-08-2020 വരെ : തെക്കന്‍ ഗുജറാത്ത്, മഹാരഷ്ട്ര തീരങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

01-08-2020 മുതല്‍ 05-08-2020 വരെ : ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.