ഇനിയും ജന്മമുണ്ടെന്നാൽ അതെല്ലാം
നിൻമടി തട്ടിലാകേണം വസുന്ധരെ
പുഴയായി ശിലയായി ഇനിയും പിറക്കണം
കാലങ്ങളോളം നിൻ മടിയിൽ മയങ്ങണം

പൂഞ്ചോലയായ് മലമുകളിൽ ജനിച്ചൊരു-
പുഴയായി നിൻമാറിൽ അലിഞ്ഞൊഴുകീടണം
നിൻ പരിരംഭണത്താലെന്റെ കൈവഴികൾ
നാനാവഴിക്കായി നിൻമാറിൽ അമർന്നിടേണം

ഞാനുമെൻ പ്രാണനും ഒന്നായി
മണ്ണിലലിഞ്ഞു നിന്നിൽ ലയിച്ചീടണം
എന്നെ പുതപ്പിച്ചു കുളിരകറ്റീടുവാൻ
ആയിരം കൈകളാൽ പകലോനെത്തീടണം

ശിലയായി നിൻ മടിതട്ടിൽ മയങ്ങണം
വെയിലേറ്റ് കാറ്റേറ്റ് മൃദുവായി മാറണം
എന്നിൽ പതിക്കും നിൻ മക്കൾളുടെ പാദങ്ങൾ
എൻ മൃദുസ്മേരത്താൽ പൂ പോലെ ആകണം

നിൻ മടി തട്ടിൽ മയങ്ങും എനിക്കെന്നും
നിൻ ഹൃദയസ്പന്ദനം ഉറക്കു പാട്ടാകണം
എൻ പ്രാണൻ മഴയായി എന്നിൽ പെയ്തിടേണം
ഓരോ കണവും എന്നിൽ ഊർന്നിറങ്ങേണം

കദനം ഉറഞ്ഞൊരു ശിലയായി മാറിയെന്നുള്ളം
വെൺശംഖുപോലെ ശുദ്ധമായീടണം
എന്നിൽ നിറയുന്നൊരോർമ്മകളെല്ലാം മഴയിൽ
അലിഞ്ഞലിഞ്ഞ് നിൻ മടിത്തട്ടിലമർന്നിടേണം