ബംഗളൂരു നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിക്കുന്നു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചരിക്കുന്നത്.

തങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തെതായി ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതോടെ സംഭവത്തില്‍ ബംഗളൂരു സിറ്റി പോലീസ് കേസെടുക്കുകയുംചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.നഗരത്തിലെ പ്രമുഖ സ്വകാര്യ കോളജിലെ നിരവധി വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് അശ്ലീല വെബ്സൈറ്റിലുള്ളത്. ഈ വിദ്യാർത്ഥിനികളുടെ സുഹൃത്തുക്കളാണ് ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നത് ആദ്യം കണ്ടത്.

ഇതിനെ തുടർന്ന് ഇവയുടെ സ്ക്രീൻഷോട്ടുകൾ സഹിതം ബന്ധപ്പെട്ടവർക്ക് അയച്ചു നല്‍കുകയായിരുന്നു. വിവരം അറിഞ്ഞ വിദ്യാർത്ഥിനികള്‍ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ കൂടുതൽ പേരുടെ ചിത്രങ്ങളും ഒപ്പം അധ്യാപികമാരുടെ ചിത്രങ്ങളും വെബ്സൈറ്റില്‍ കണ്ടെത്തി. ഇതിനെ തുടർന്ന് കോളജിലെ വകുപ്പ് മേധാവിയെയും പ്രിൻസിപ്പലിനെയും വിവരമറിയിക്കുകയും ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.