ഫ്ലോറിഡയിൽ മലയാളി യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചന. മസംഭവം അറിഞ്ഞ ഞെട്ടലിലാണ് അമേരിക്കയിലെ മലയാളി സമൂഹം. ഏത് നിമിഷവും തന്നെ അപായപ്പെടുത്താന്‍ ഭർത്താവായ ഫിലിപ് മാത്യു (നെവിൻ) എത്തുമെന്ന് മെറിന്‍ ഭയന്നിരുന്നു എന്ന് ഇവരുമായി അടുപ്പമുള്ളവർ പറയുന്നു

അതിനാൽ തന്നെ പുതിയ ഒരു ജീവിതം തുടങ്ങാന്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന മെറിൻ കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി ഓഗസ്റ്റിൽ താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലും ആയിരുന്നു. ഇവരുടെ കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മെറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിൻ എത്തിയതെന്നാണ് വിവരം. മിഷിഗണിലുള്ള വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇതിനായി ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. നഴ്‌സായ മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ ഇയാൾ കാത്തു നില്‍ക്കുകയും ചെയ്തു.

ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേൽക്കുന്നത്. 17 പ്രാവശ്യമാണ് നെവിൻ മെറിനെ കുത്തിയത്. അതിന് ശേഷം മെറിന്റെ മരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയും ചെയ്തു.

സംഭവ സ്ഥലത്തുണ്ടായിരുന്ന മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് വേഗത്തിൽ നടന്നത്. സംഭാവന നടന്ന ഉടൻ മെറിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.