പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെങ്കിലും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ സൂചനകളൊന്നുമില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്തായിയുടെ കൈയ്ക്ക് സംഭവിച്ച ഒടിവ് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചാതാവാമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം കൂടി ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

കസ്റ്റഡിയിലെടുത്തയാളെ വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിനെ നേരത്തെ തന്നെ ആക്ഷേപമുയരുന്നു. കടുവാ നിരീക്ഷണത്തിനായി വനംവകുപ്പ് സ്ഥാപിച്ച സിസിടിവികള്‍ തകര്‍ത്തുവെന്നം ഫാമിലെ മാലിന്യം വനത്തില്‍ നിക്ഷേപിക്കുന്നുവെന്നും ആരോപിച്ചാണ് വനംവകുപ്പിന്റെ നടപടി. മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് അധികൃതരാണെന്നാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന ആരോപണം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലെത്തിയ വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. ഏഴ് മണിയോടെ മത്തായിയുടെ കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ചിറ്റാര്‍ വനംവകുപ്പ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മത്തായിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ സ്റ്റേഷനിലേക്ക് വരാനാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് നിര്‍ദേശിച്ചത്. ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ മത്തായിയെ തെളിവെടുപ്പിനായി കൊണ്ടുപോയെന്ന വിവരമാണ് ലഭിച്ചത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ മത്തായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിണറ്റില്‍ വീണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മത്തായിയെ രക്ഷിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുങ്ങിയെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണം.