കൊച്ചി: ഇടപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലുവ തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണനിനാണ് (51) കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന ഇയാളുടെ വാഹനം ഇന്നലെ മീഡിയനില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ലക്ഷ്മണനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുകയാണ്.

അതേസമയം, കാസര്‍കോട് ജില്ലയില്‍ മരണ ശേഷം ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് മരിച്ച തൃക്കരിപ്പൂര്‍ സ്വദേശി അബ്ദു റഹ്‌മാനാണ് പരിശോധനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. കാസര്‍കോട് ജില്ലയിലെ എട്ടാമത്തെ കോവിഡ് മരണമാണ് ഇത്.

കടുത്ത പ്രമേഹ രോഗിയായിരുന്നു അബ്ദുറഹ്‌മാന്‍. ഇയാളുടെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങില്‍ ഇയാളുടെ മകന്‍ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 13 പേര്‍ക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്.

ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്റഫും ഇന്ന് കോവിഡ് ബാധിച്ചാണ് മരിച്ചത്. 53 വയസായിരുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.