തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രത്യേക ക്ലസ്റ്ററാകുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചു രോഗികള്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ പലരും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നെത്തിയ രോഗികളാണ്. പൂന്തുറ, വിഴിഞ്ഞം, പുല്ലുവിള മേഖലകളില്‍ നിന്നുള്ളവരാണ് അധികവും. ലോക്ക്ഡൗണായതോടെ ദിനംപ്രതി 200ഓളം രോഗികളാണ് ഒപിയില്‍ വന്നുപോകുന്നത്. സംസ്ഥാനത്തെ ആദ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാണിത്.

ജില്ലയില്‍ പല ആശുപത്രികളും ഇപ്പോള്‍ കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. ഇതോടെ അവിടെ ചികിത്സിച്ചിരുന്ന ഗര്‍ഭിണികളെ തുടര്‍ ചികിത്സയ്ക്കായി അയയ്ക്കുന്നതും തൈക്കാട്ടേക്കാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവരായതിനാല്‍ ആദ്യം ചികിത്സയ്‌ക്കെത്തുന്ന ആശുപത്രിയില്‍ ആന്റിജന്‍ ടെസ്റ്റാണ് നടത്താറുള്ളത്. അതില്‍ പലര്‍ക്കും നെഗറ്റീവായാണ് പരിശോധനാഫലം കാണിക്കുക. തുടര്‍ന്ന് ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും നടത്താറുണ്ട്. എന്നാല്‍ അന്ന് തന്നെ ലഭിക്കുന്ന ആന്റിജന്‍ പരിശോധനാഫലമായാണ് പലരും തൈക്കാട്ടെ ആശുപത്രിയിലെത്തുന്നത്. ഇവരെ
പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റുമ്ബോഴാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് പോസിറ്റീവാണെന്നു പറഞ്ഞ് അറിയിപ്പ് വരുന്നത്. പലപ്പോഴും ആര്‍ടിപിസിആര്‍ ടെസ്റ്റിലെ കാലതാമസമാണ് ഇവിടെ വിനയാകുന്നത്. ആന്റിജന്‍ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ രോഗിക്ക് ചികിത്സ തുടങ്ങും.

ഏകദേശം പത്തു ദിവസത്തോളം കഴിഞ്ഞാണ് സ്രവപരിശോധനാഫലം വരുന്നത്. അപ്പോഴേക്കും രോഗിയെ ചികിത്സിച്ച ഡോക്ടറും മറ്റു ജീവനക്കാരും ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥയാണുള്ളത്. ഫോര്‍ട്ട് ആശുപത്രിയെ അടുത്തിടെ കോവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. ഇതോടെ ഇവിടെ ചികിത്സയിലായിരുന്ന ഗര്‍ഭിണികളെ തൈക്കാട്ടേക്ക് അയച്ചിരുന്നു. ഈ മാസം 24ന് ഫോര്‍ട്ട് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവം നല്‍കിയ 15ഓളം പേരെയാണ് തൈക്കാട്ടേക്ക് അയച്ചിരുന്നത്. ഇവരില്‍ തീരദേശ മേഖലയിലെ ഒരു ഗര്‍ഭിണിയും ഉണ്ടായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ 27ന് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ട സ്ഥിതിയുണ്ടായി.

പിപിഇ കിറ്റില്ലെന്ന് ഡോക്ടര്‍മാര്‍

ആശുപത്രിയില്‍ ആവശ്യത്തിന് പിപിഇ കിറ്റില്ലെന്ന പരാതിയും വ്യാപകമാണ്. 30ഓളം ഡോക്ടര്‍മാരാണ് തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുള്ളത്. ഈ മാസം ആദ്യമാണ് എന്‍ 95 മാസ്‌ക് നല്‍കിയത്. അതും ഒരു ഡോക്ടര്‍ക്ക് മൂന്നെണ്ണം വീതം. പിപിഇ കിറ്റുകള്‍ അനുവദിക്കുന്നതും വളരെ കുറച്ചു മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിസേറിയനാണ് ചെയ്യുന്നതെങ്കില്‍ ഏഴുപേര്‍ക്കെങ്കിലും പിപിഇ കിറ്റ് വേണ്ടിവരും. സാധാരണ പ്രസവമാണെങ്കില്‍ മൂന്നുപേര്‍ക്ക് കിറ്റ് വേണ്ടിവരും. നിലവില്‍ സ്രവപരിശോധന നടത്തുന്ന ജീവനക്കാര്‍ക്ക് കിറ്റ് നല്‍കുന്നുണ്ട്. എന്നാല്‍ തീരദേശത്തു നിന്നുള്‍പ്പെടെയുള്ള രോഗികളെ പരിചരിക്കുന്നവര്‍ക്ക് കിറ്റില്ലെന്നാണ് പരാതി. ലേബര്‍ റൂമില്‍ ഡോക്ടര്‍മാര്‍ക്ക് ഷൂ കവര്‍പോലും നല്‍കുന്നില്ലെന്നും പരാതിയുണ്ട്.