ഭോപ്പാല്‍: മധ്യപ്രദേശില്‍ ജഡ്‌ജിയും മകനും വിഷം കലര്‍ന്ന ചപ്പാത്തി കഴിച്ചു മരിച്ച സംഭവത്തില്‍ സ്‌ത്രീയും മന്ത്രവാദിയും ഉള്‍പ്പെടെ ആറുപേര്‍ അറസ്‌റ്റില്‍. ബേതുല്‍ ജില്ലാ അഡി. സെഷന്‍സ്‌ ജഡ്‌ജി മഹേന്ദ്ര ത്രിപാഠിയും മുപ്പത്തിമൂന്നു വയസുള്ള മകനുമാണ്‌ ഞായാറാഴ്‌ച മരിച്ചത്‌. വിഷം കലര്‍ന്ന അത്താഴം കഴിച്ച്‌ രണ്ടാം ദിവസമായിരുന്നു മരണം.
സര്‍ക്കാരിതര സന്നദ്ധ സംഘടനയുടെ അമരക്കാരിയായ സന്ധ്യ സിങ്‌ ആണ്‌ അറസ്‌റ്റിലായ സ്‌ത്രീ.

ഇവര്‍ നല്‍കിയ വിഷം കലര്‍ന്ന ഗോതമ്ബു പൊടി കൊണ്ടു ജഡ്‌ജിയുടെ ഭാര്യ ഭക്ഷണമുണ്ടാക്കിയതാണ്‌ ദുരന്തത്തിനു വഴിമാറിയത്‌. സന്ധ്യ ജഡ്ജിയില്‍ നിന്ന് കുറെയേറെ പണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം.
അതേസമയം ജഡ്‌ജിയുടെ വീട്ടില്‍ ഐക്യം കൈവരാന്‍ പ്രത്യേക പൂജ നടത്തി നല്‍കിയ ഗോതമ്ബ് പൊടിയാണിതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജഡ്ജിയുടെ ഭാര്യക്ക് ഇത് നല്‍കിയത്. ജഡ്‌ജിയും രണ്ട്‌ ആണ്‍മക്കളും ചപ്പാത്തി കഴിച്ചപ്പോള്‍ ജഡ്‌ജിയുടെ ഭാര്യ ചോറുണ്ടു.

ചപ്പാത്തി കഴിച്ചയുടന്‍ ജഡ്‌ജിക്കും മൂത്തമകനും ഛര്‍ദി തുടങ്ങി. തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു നില വഷളായതോടെ നാഗ്‌പുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രാമധ്യേ മകന്‍ മരിച്ചു. ആശുപത്രിയില്‍ എത്തിയശേഷം ജഡ്‌ജിയും. ഇളയമകന്‍ സുഖം പ്രാപിച്ചുവരികയാണ്‌.ആദ്യം സന്ധ്യയെയും അവരുടെ ഡ്രൈവര്‍ സഞ്‌ജുവിനെയുമാണ്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌. തുടര്‍ന്നാണ്‌ കൂടുതല്‍പേര്‍ അറസ്‌റ്റിലായത്‌. സന്ധ്യയുടെ ഉപദേശകനാണ്‌ അറസ്‌റ്റിലായ മന്ത്രവാദി.