പത്തനംതിട്ട: മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി പീഡിപ്പിക്കപ്പെടുന്നു എന്ന പരാതി വ്യക്തിവിരോധം മൂലം സഭയെ തേജോവധം ചെയ്യാന്‍ വേണ്ടി വ്യാജമായി സൃഷ്ടിച്ചതാണെന്ന് സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ വലിയ മെത്രാപ്പോലീത്ത ക്രൂരമായി പീഡിപ്പിക്കപ്പെടുന്നവെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ എബി എബ്രഹാമിന്റെ പരാതി തള്ളിക്കൊണ്ടാണ് സഭാ സെക്രട്ടറി വിശദീകരണക്കുറിപ്പിറക്കിയിരിക്കുന്നത്.

ഇത്തരമൊരു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സഭാ സെക്രട്ടറി രേഖാമൂലം പുറപ്പെടുവിച്ച വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം ഇപ്രകാരം…

***
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനിക്കു ആവശ്യമായ പരിചരണം ലഭിക്കുന്നില്ല എന്ന തെറ്റായ പ്രചരണം ചില തത്പരകക്ഷികള്‍ വ്യക്തിപരമായ ദുരുദ്ദേശത്തോടെ സോഷ്യല്‍ മീഡിയ വഴി നടത്തുന്നതായി മാര്‍ത്തോമ്മാ സഭയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. സഭയെയും സഭാ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ദുഷ്ട ഉദ്ദേശത്തോടുകൂടെ തയ്യാറാക്കിയ ഒരു വ്യാജ സന്ദേശമാണിതെന്ന് വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു.

ശ്രദ്ധാപൂര്‍വ്വവും നിരന്തരവുമായ വൈദ്യ പരിചരണം 103 വയസ്സുള്ള അഭിവന്ദ്യ തിരുമേനിക്ക് അത്യാവശ്യമാണ്. 2018 ഡിസംബര്‍ മാസം 10 മുതല്‍ തിരുമേനി കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയിലാണ്. മുമ്പിലത്തെപ്പോലെ യാത്രചെയ്യുന്നതിനു തിരുമേനിയുടെ ആരോഗ്യസ്ഥിതി പ്രകാരം സാധിക്കാതെയായിരിക്കുന്നു. തിരുമേനിക്ക് ഒരു ഡ്രൈവറുടെ ആവശ്യം ഇല്ല എങ്കിലും ശമ്പളവും മറ്റ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും ഡ്രൈവര്‍ക്ക് സഭയില്‍ നിന്നും നല്‍കിവരികയായിരുന്നു. ഈ സാഹചര്യത്തില്‍ എപ്പിസ്‌ക്കോപ്പല്‍ സിനഡിന്റെ അനുമതിയോടെ, സഭയുടെ സ്റ്റാഫ് മാറ്റേഴ്‌സ് കമ്മറ്റിയും സഭാ കൗണ്‍സിലും ഡ്രൈവറെ സേവനത്തില്‍ നിന്നും വിടര്‍ത്തുന്നതിനു തീരുമാനിക്കുകയും അദ്ദേഹത്തിനു നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതിനു തീരുമാനിക്കുകയുമുണ്ടായി.

ആശുപത്രിയിലല്ലാതെ മറ്റൊരിടത്തും ലഭിക്കാത്ത ചികിത്സാസഹായങ്ങളുമായി ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയിലെ ഡോക്ടറന്മാരുടെ സംഘം രാത്രിയും പകലും ഒരുപോലെ ശ്രദ്ധാപൂര്‍വ്വം തിരുമേനിയെ പരിചരിക്കുന്നു. തിരുമേനിയുടെ പൂര്‍ണ്ണ സമയ ചാപ്ലയിന്‍ റവ. ബിനു വര്‍ഗീസ്, പാചകക്കാരന്‍ ശ്രീ ഏബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് തിരുമേനിക്കു നല്‍കുന്നത്. ആരോപണം ഉന്നയിച്ചിരിക്കുന്നതു പോലെ ആംബുലന്‍സില്‍ കൊണ്ടുവന്ന ഭക്ഷണമോ മറ്റേതെങ്കിലും സ്ഥലത്തു നിന്നോ കാന്റീനിലെ ഭക്ഷണമോ തിരുമേനിക്കു നല്‍കിയിട്ടില്ല. അഭിവന്ദ്യ മെത്രോപ്പോലീത്താ തിരുമേനി പതിവായി വലിയ മെത്രാപ്പോലീത്താ തിരുമേനിയെ സന്ദര്‍ശിക്കുകയും വിശേഷാവസരങ്ങളില്‍ പൂലാത്തീനില്‍ തയ്യാറാക്കുന്ന ഭക്ഷണം വലിയ മെത്രാപ്പോലീത്താ തിരുമേനിയുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഈ വേളകളില്‍ രണ്ടു തിരുമേനിമാരുടെയും സാഹോദര്യബന്ധം ഞാന്‍ നേരിട്ടു കാണാറുമുണ്ട്. നമ്മുടെ സഭാനേതാക്കള്‍ക്കു അവരുടെ വാര്‍ദ്ധക്യത്തില്‍ മനുഷ്യസാദ്ധ്യമായ ഏറ്റവും നല്ല ശ്രദ്ധയും പരിചരണവും നല്‍കണമെന്നുള്ളത് സഭയുടെ നിഷ്‌ക്കര്‍ഷയാണെന്നും അക്കാര്യത്തില്‍ അഭിവന്ദ്യ വലിയ മെത്രോപ്പോലീത്താ തിരുമേനിക്കു ഏറ്റവും നല്ല പരിഗണന ലഭിക്കുമെന്നുള്ളതും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

(ഒപ്പ്)
റവ. കെ.ജി. ജോസഫ്,
സഭാ സെക്രട്ടറി

04:15 PM, 30.07.2020
ഫെലോഷിപ്പ് മിഷന്‍ ആശുപത്രി, കുമ്പനാട്‌