ഫ്‌ളോറിഡ: മെറിന്‍ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവര്‍ത്തകരുടെ ഇടപെടല്‍. ഭര്‍ത്താവ് മെറിനെ കൊന്നത് സഹപ്രവര്‍ത്തകരുടെ മുന്നിലിട്ടാണ്. ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറില്‍ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഇതാണ് മെറിന്റെ മരണം ഉറപ്പാക്കിയത്. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പഴുതടച്ച്‌ തെളിവ് ശേഖരണത്തിനാണ് അമേരിക്കന്‍ പൊലീസ് തയ്യാറെടുക്കുന്നത്.

ഫിലിപ്പെന്ന നെവിന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് സഹപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്ബോള്‍ ആംബുലന്‍സില്‍ വച്ച്‌ പൊലീസിന് മെറിന്‍ മരണ മൊഴി കൊടുക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തില്‍ മേറിന്‍ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നു. ഇതാണ് ഫിലിപ്പിനെ ചൊടിപ്പിക്കാന്‍ കാരണമായത്. ഇക്കാര്യം സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നുണ്ട്. മെറിന്റെ മരണ മൊഴിയും നെവിനിലേക്ക് അതിവേഗം അന്വേഷണം എത്തിച്ചു.

എമര്‍ജന്‍സി റൂമിനു തൊട്ടടുത്താണ് മെറിന്‍ കുത്തേറ്റു വീണതെങ്കിലും പരുക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. വിവാഹമോചനത്തിനായി മെറിന്‍ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു അയാളുടെ സുഹൃത്തുക്കള്‍ പ്രചരിപ്പിക്കുന്നത്. ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ 6.45ന് എത്തിയ നെവിന്‍ പാര്‍ക്കിങ് ഏരിയയില്‍ കാത്തിരുന്നു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി കഴിഞ്ഞ് മെറിന്‍ പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്ബോഴാണ് നെവിന്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്നെ ആക്രമിച്ചത് ഭര്‍ത്താവാണെന്ന് മെറിന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആംബുലന്‍സില്‍ യാത്രക്കിടെയാണ് മെറിന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇതോടെ കേസില്‍ ശക്തമായ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ശമ്ബളവും കുടുംബബന്ധങ്ങളും ഇരുവരുടെയും ദാമ്ബത്യ ബന്ധത്തില്‍ വില്ലനായെന്ന് ബന്ധുക്കള്‍ പറയുന്നു, മെറിന്‍ അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിച്ചതോടെ ശമ്ബളത്തെ ചൊല്ലി നെവിന്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറയുന്നു. മെറിന്റെ ശമ്ബളം പൂര്‍ണമായും നെവിന്റെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു നിര്‍ദ്ദേശമെന്നും ഇതിനെ എതിര്‍ത്താല്‍ വഴക്ക് പതിവായിരുന്നെന്നും മെറിന്റെ പിതാവ് പറയുന്നു.

സ്വന്തം വീട്ടുകാരുമായി മെറിന്‍ സംസാരിക്കുന്നതുപോലും നെവിന് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരെ സാമ്ബത്തികമായി സഹായിക്കുന്നതിനെ നെവിന്‍ എതിര്‍ത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു. ഒരു ഫോട്ടോയെ ചൊല്ലിയും അടുത്തനാളില്‍ തര്‍ക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെ നെവിന്‍ മെറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലിയായിരുന്നു അടുത്തനാളുകളില്‍ വഴക്കുണ്ടായത്. മെറിന്റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിന്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനെചൊല്ലി ഇരുവരും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായതായും പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് മെറിന്‍ അമേരിക്കന്‍ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് കാര്യമായെടുത്തതുമില്ല. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെല്‍ത്ത് ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്ബോള്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മെറിന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്ബോഴാണ് ഭര്‍ത്താവ് നെവിന്‍ എന്ന ഫിലിപ് മാത്യു, മെറിനെ കുത്തി കൊലപ്പെടുത്തുന്നത്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തി മുറിവേല്‍പിച്ച നിലയിലായിരുന്നു.

ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്നു മെറിന്‍. നിലവിലുള്ള ജോലി രാജി വച്ച്‌ ഓഗസ്റ്റ് 15 ന് താമ്ബയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിന്‍ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്ബോഴായിരുന്നു ദുരന്തം.