സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടില്‍ കിടത്തി ചികിത്സിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പ്രതിപക്ഷ വിമര്‍ശനം. കോവിഡ് ചികിത്സാരംഗത്ത് നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കണമെന്ന ഉത്തരവ് ഇതിന് തെളിവാണെന്നും ചികിത്സാ സൗകര്യം ആര് ഒരുക്കുമെന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് ഇനി വീട്ടില്‍ ചികിത്സയെന്ന സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ച രാവിലെയാണ് പുറത്തുവന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പദ്ധതി ആദ്യമായി നടപ്പാക്കുന്ന തിരുവനന്തപുരത്ത് കലക്ടര്‍ ഉത്തരവിറക്കി. തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്തിയശേഷം മററ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.