തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെയാണ് നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയത്. ഒന്നരവര്‍ഷമായി അദ്ദേഹം കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്.

കേസിലെ പ്രതികളെ കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് സാധിച്ചു. അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്. നയതന്ത്ര ചാനല്‍ വഴി വന്ന സ്വര്‍ണം വിട്ടുകൊടുക്കാന്‍ മുഖ്യമ്രന്തിയുടെ ഓഫീസില്‍ നിന്ന് അനീഷിനെ വിളിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, അങ്ങനെ ആരും വിളിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം. വ്യാഴാഴ്ച തന്നെ തിരുവനന്തപുരത്തെ ചുമതല ഒഴിയാനും പത്ത് ദിവസത്തിനുള്ളില്‍ നാഗ്പൂരില്‍ ചുമതലയേല്‍ക്കണമെന്നുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച വൈകിട്ടാണ് പുറത്തിറങ്ങിയത്.