തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കും. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് പിടികൂടിയതിനു ശേഷം ജൂലൈ ഒന്നു മുതല്‍ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു. ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് പിന്നീടും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറ്റാഷെയെ ചോദ്യംചെയ്യാനും കസ്റ്റംസ് അനുമതി തേടിയിട്ടുണ്ട് എന്നാണ് വിവരം. ഇതിന് അനുമതിതേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും.

സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന തീരുമാനത്തില്‍ കസ്റ്റംസ് എത്തിയത്. തുടരന്വേഷണത്തിന് അറ്റാഷെയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് കസ്റ്റംസ്. ഇതിന്റെ അടിസ്ഥാനത്തില്‍ അറ്റാഷെ ഇപ്പോഴുള്ള സ്ഥലത്ത് ചോദ്യം ചെയ്യണമെന്നാവും കസ്റ്റംസ് അഭ്യര്‍ഥിക്കുക. കേസന്വേഷണം മുറുകുന്നതിനിടയില്‍ അറ്റാഷെ യുഎഇയിലേക്ക് മടങ്ങിയിരുന്നു.