അജു വാരിക്കാട്

ഹൂസ്റ്റണ്‍: ഫോർട്ട് ബെൻഡ്  കൗണ്ടിയിലാണ് ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നത്. ഫോർട്ട് ബെൻഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ഉന്നത ഉദ്യോഗസ്ഥനും മലയാളിയുമായ കൗണ്ടി ജഡ്ജ് കെ പി ജോർജിന്റെ  ചില വിവാദ പരാമർശങ്ങൾക്കെതിരെ മലയാളികളായ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളാണ് രംഗത്തെത്തിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ഒന്നൊഴിയാതെ ഭരണപക്ഷത്തിനെതിരെ തൊടുത്തുവിടുന്ന ആയുധങ്ങൾ പോലെ ഒന്നിന് പുറകെ ഒന്നായി നിരവധി ആരോപണങ്ങളാണ് കെ പി ക്കെതിരെ ഇപ്പോൾ ഇവർ ആരോപിക്കുന്നത്.
ജഡ്ജ് കെ പി ജോർജ്ജ് ഹ്യുസ്റ്റൺ ക്രോണിക്കിളിനു കൊടുത്ത ഇന്റർവ്യൂവിൽ തൻ ജനിച്ചു വളർന്ന നാടിനെ പറ്റി നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. ഈ അടുത്ത കാലത്തു വൈദ്യുതി ലഭിച്ച നാട്ടിൽ നിന്നാണ് തൻ വന്നതെന്ന പരാമർശം അമേരിക്കയിലുള്ള മലയാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് നിരവധി ആളുകൾ അവകാശപ്പെട്ടു. കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന അട്ടപ്പാടിയിൽ പോലും വൈദ്യുതി എത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടപ്പോളാണ് കെ പി ഈ “അടുത്ത കാലം” എന്ന് പരാമർശിച്ച്‌ ഇന്ത്യൻ സമൂഹത്തെയും കേരളത്തെയും ഒന്നടങ്കം അപമാനിച്ചത്. ജഡ്ജ് തന്റെ പരാമർശം പിൻവലിച്ചു മാപ്പു പറയണം എന്നാണ് ഇവരുടെ ആവശ്യം.
തൊട്ടു പിന്നാലെ കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കൗണ്ടി നിവാസികൾക്ക്‌ ഇരുട്ടടിയായി നികുതി 8% ആയി ഉയർത്താൻ ഉള്ള ശ്രമത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ നിരവധി ആളുകളാണ് ജഡ്ജ് കെ പി ജോർജിനെതിരെ അണിനിരക്കുന്നത്. നികുതിവിഷയത്തിൽ ജഡ്ജ് കെ പി ജോർജ്ജ് തന്നെ പിന്നീട് വിശദീകാരണവുമായി ഫേസ് ബുക്കിൽ വന്നുവെങ്കിലും മറുവാദവുമായി മറുപക്ഷം കളം നിറയുകയാണ്.
മലയാളികൾ പൊതുവെ ഡെമോക്രറ്റ്സ് ആണെന്നുള്ള പൊതുവിലുള്ള ധാരണയെ പൊളിച്ചെഴുതുന്ന തരത്തിലാണ് റിപ്പബ്ലിക്കൻ അനുഭാവികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റിക്കായി പുതിയ അടിത്തറകൾ പാകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീർണതകൾ ഇവിടെയും വേരോടുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

മലയാളികൾ കേരളത്തിന് പുറത്തു ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത് മലയാളികൾക്കും കേരളത്തിനും ഇന്ത്യക്കും അഭിമാനമുളവാക്കുന്നതാണ്.പ്രത്യേകിച്ചും ഫോർട്ട് ബെൻഡ് പോലെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ വസിക്കുന്ന ഒരു കൗണ്ടിയിലെ പ്രഥമ സ്ഥാനം അലങ്കരിക്കാൻ ഒരു മലയാളിക്ക് അവസരം ലഭിച്ചതിൽ നാം അഭിമാനിക്കുന്നു. അങ്ങനെ സുപ്രധാന പദവികൾ വഹിക്കുന്ന മലയാളികൾ കൂടെയുള്ള മറ്റു മലയാളികളെ ചവിട്ടിത്താക്കുന്ന പ്രവണത ഇന്ത്യൻ കമ്മ്യുണിറ്റിക്കു തന്നെ കളങ്കം വരുത്തുന്നു എന്ന് പലരും പരാമർശിച്ചു.
വരുന്ന പൊതു തിരഞ്ഞെടുപ്പിൽ നിരവധി ഇന്ത്യൻ വംശജർ ആണ് ഇരുപാർട്ടികളിലുമായി മത്സര രംഗത്തുള്ളത്. പൊതുവെ മാന്യതയുടെ അതിരർ വരമ്പുകൾ ഭേതിക്കാതെയുള്ള അമേരിക്കൻ രാഷ്ട്രീയത്തിൽ ഇങ്ങനെയുള്ള കടന്നുകയറ്റം വരൂ ദിവസങ്ങളിൽ ചൂടേറിയ വാർത്തകൾ സ്ഥാനം പിടിക്കും എന്ന് ഉറപ്പിക്കാം.
കേരളരാഷ്ട്രീയത്തിലെ തൊഴുത്തിൽ കുത്തും ചവിട്ടിത്താക്കലും ഇവിടെയും തൊട്ടടുത്തു കാണാൻ സാധിച്ചതിൽ ഹ്യുസ്റ്റൺ നിവാസികൾ ഭാഗ്യം ചെയ്തവരാണ് എന്ന് പരിഹാസരൂപേണ പലരും പറഞ്ഞു.