തിരുവനന്തപുരം: കോവിഡ്​ ചികിത്സ പ്രോ​ട്ടോകോളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കോവിഡ്​ സ്ഥിരീകരിച്ച്‌​ രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ വീട്ടില്‍കഴിയാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിക്കണം.

ഇത്തരം വീട്ടില്‍കഴിയുന്നവര്‍ രോഗലക്ഷണം കണ്ടാലുടന്‍ ആശുപത്രിയിലേക്ക്​ മാറണം. വീടുകളില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ റൂം ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ല. രോഗം സ്ഥിരീകരിച്ച്‌​ 10 ദിവസത്തിന്​ ശേഷം ആരോഗ്യപ്രവര്‍ത്തകരെ ആന്‍റിജന്‍ പരിശോധനക്ക്​ വിധേയമാക്കും. പരിശോധനയില്‍ ഫലം നെഗറ്റീവായാലും ഇവര്‍ ഏഴ്​ ദിവസം ക്വാറന്‍റീനില്‍ കഴിയണം.

കോവിഡ്​ രോഗികളെ വീടുകളില്‍ തന്നെ ചികില്‍സിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഐ.സി.എം.ആറും ഇത്​ അംഗീകരിച്ചിരുന്നു. എന്നാല്‍, കേരളം ഇതുവരെ ഈ പരിഷ്​കാരം നടപ്പാക്കിയിരുന്നില്ല.