ന്യൂയോര്‍ക്ക്: നിലവിലെ ഭരണസമിതിയെ വെല്ലുവിളിച്ചു കൊണ്ട് ഫൊക്കാന തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയ എല്ലാവരും വിജയികളായി പ്രഖ്യാപിച്ചു ഇലക്ഷന്‍ കമ്മീഷന്‍ നാടകം. ഇപ്പോഴുള്ള ഭരണസമിതിയെ അനുകൂലിക്കുന്നവര്‍ മാറി നിന്നതോടെ എതിരില്ലാതെയാണ് പത്രിക നല്‍കിയവര്‍ വിജയിച്ചത്. വിജയികളായവര്‍ക്ക് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ കുര്യന്‍ പ്രക്കാനം സത്യപ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു. ഡിസംബറില്‍ നടക്കുന്ന കണ്‍വന്‍ഷനു ശേഷം തെരഞ്ഞെടുപ്പു നടത്താമെന്നായിരുന്നു മാധവന്‍നായരെ അനുകൂലിക്കുന്നവരുടെ വാദം. കോവിഡ് സാഹചര്യത്തില്‍ ഇതിന് എല്ലാവരും അനുകൂലിക്കുന്നുവെന്ന വാദം നിലനില്‍ക്കവേയാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിനെ മാധവന്‍നായര്‍ പക്ഷം ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതോടെ, ഫൊക്കാന വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പുതിയ ഭരണസമിതിയെ അംഗീകരിക്കുമോയെന്നു മാധവന്‍ നായര്‍ പക്ഷം വ്യക്തമാക്കിയിട്ടില്ല. കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നു മാധവന്‍നായരോട് അടുത്തവൃത്തങ്ങള്‍ ആഴ്ചവട്ടത്തിനു സൂചന നല്‍കി.

ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി പ്രസിഡന്റായി ജോര്‍ജി വര്‍ഗീസ്, സെക്രട്ടറിയായി സജിമോന്‍ അന്റണി, ട്രഷററായി സണ്ണി മറ്റമന, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ജെയ്ബു കുളങ്ങര, വൈസ് പ്രസിഡന്റായി തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറിയായി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷററായി വിപിന്‍ രാജ്, അഡീഷണല്‍ അസോ. സെക്രട്ടറിയായി ജോജി തോമസ്, അഡീഷണല്‍ അസോ. ട്രഷറര്‍ ആയി ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി കല ഷാഹി എന്നിവരടക്കമുള്ള ഭാര്‍വാഹികളാണു സത്യപ്രതിഞ്ജ ചെയ്തത്.

സൂമില്‍ നടന്ന സമ്മേളനത്തിലാണു വിജയികളെ പ്രഖ്യാപിച്ചത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഡോ. മാമ്മന്‍ സി. ജേക്കബ് ആമുഖ പ്രസംഗം നടത്തി. ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍ കുര്യന്‍ പ്രക്കാനം, അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണു വിജയികളെ പ്രഖ്യാപിച്ചത്. വളരെ തിടുക്കപ്പെട്ടു നടത്തിയ സൂം മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പു നാടകം അരങ്ങേറിയത്. പാനല്‍ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറിനകം സൂം മീറ്റിംഗ് വിളിച്ച് തെരഞ്ഞെടുപ്പ് യോഗം നടത്തുകയായിരുന്നു.

എന്നാല്‍, ജൂണ്‍ 11നു ഇലക്ഷന്റെ രണ്ടാമത്തെ നോട്ടീസ് നല്കിയെന്നും ജൂലൈ 11 വരെ അംഗത്വം പുതുക്കാന്‍ സംഘടനകള്‍ക്ക് സമയം നല്കിയെന്നും തുടര്‍ന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 25നായിരുന്നുവെന്നും കുര്യന്‍ പ്രക്കാനം പറഞ്ഞു. അതു കഴിഞ്ഞപ്പോള്‍ എല്ലാ പോസ്റ്റിനും ഒരാള്‍ വീതം മാത്രമാണു പത്രിക നല്കിയതെന്നതിനാല്‍ അവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നുവേ്രത.

ഫൊക്കാനയില്‍ ഭിന്നതയൊന്നുമില്ലെന്ന് ഡോ. മാമ്മന്‍ സി. ജേക്കബ് പറഞ്ഞു. ഡിസംബറിനകം കണ്‍വന്‍ഷന്‍ നടത്താന്‍ മാധവന്‍ നായര്‍ക്ക് സൗകര്യം നല്‍കും. ഫൊക്കാനയുടെ പേരില്‍ സൂം മീറ്റിംഗും മറ്റും നടത്തേണ്ടത് പുതിയ ഭാരവാഹികളാണ്.

സംഘടനകള്‍ക്ക് അംഗത്വം പുതുക്കാന്‍ ജൂലൈ 31 വരെ സമയം നല്കണമെന്നു ട്രസ്റ്റി ബോര്‍ഡ് ഇലക്ഷന്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നു ഇലക്ഷന്‍ സമിതി കണ്ടെത്തുകയായിരുന്നു.ഇലക്ഷന്‍ കമ്മിറ്റിയോട് അഭ്യര്‍ഥിക്കാനല്ലാതെ നിര്‍ദേശം നല്കാന്‍ ട്രസ്റ്റി ബോര്‍ഡിനു അധികാരമില്ലെനു മാമ്മന്‍ സി ജേക്കബ് പറഞ്ഞു.

എല്ലാവരുമായും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസും ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണിയും പറഞ്ഞു. പിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കും. നിലവിലുള്ള പ്രസിഡന്റ് മാധവന്‍ നായര്‍ സെക്രട്ടറി ടോമി കോക്കാട് ടീമിനെ അനുകൂലിക്കുന്നവര്‍ പത്രിക നല്കിയില്ല. സെപ്റ്റംബര്‍ 30നു നാഷണല്‍ കമ്മിറ്റി ചേര്‍ന്ന ശേഷം ജനറല്‍ ബോഡി വിളിച്ചു ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മാധവന്‍ നായരും ടോമി കോക്കാട്ടും നേരത്തെ വ്യക്തമാക്കിയിരുന്നു.