കൊച്ചി: വിലകൂടിയ ബ്രാന്‍ഡഡ് സൈക്കിളുകള്‍ മോഷ്ടിച്ച്‌ OLX ലൂടെ വില്‍പ്പന നടത്തിയ ബിരുദ വിദ്യാര്‍ത്ഥി ആലുവയില്‍ അറസ്റ്റില്‍. നസ്രത്ത് സ്വദേശിയായ എഡ്വിനാണ് ആലുവ പൊലീസിന്റെ പിടിയില്‍ പെട്ടത്.

 

തന്റെ 45000 രൂപയുടെ സൈക്കിള്‍ മോഷണം പോയ ആള്‍ അതേ സൈക്കിളിന്റെ ചിത്രം OLX ല്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കാര്യത്തിന്റെ ചുരുള്‍ അഴിയുന്നത്. പൊലീസ് എഡ്വിനെ ചോദ്യം ചെയ്തപ്പോള്‍ ആലുവ നഗരത്തിലെ പലയിടങ്ങളില്‍ നിന്നും മൂന്ന് സൈക്കിളുകള്‍ മോഷ്ടിച്ചതായി പൊലീസിന് മൊഴി നല്‍കി.

 

മോഷ്ടിച്ച സൈക്കിളിനെ ചൂണ്ടി ഒരാളെ ഇടനിലക്കാരനാക്കി OLX ലൂടെ വില്‍പ്പന നടത്തുക എന്നതായിരുന്നു എഡ്വിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സൈക്കിള്‍ വാങ്ങാനെന്ന പേരില്‍ ഇടനിലക്കാരനെ സമീപിച്ചാണ് പൊലീസ് എഡ്വിനെ പിടികൂടിയത്. സൈക്കിളുകളില്‍ ഒരെണ്ണം എഡ്വിന്‍ വില്‍പ്പന നടത്തിയിരുന്നു. ബാക്കിയുള്ളവ വില്‍പ്പനയ്ക്കായി തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും എഡ്വിനെ പൊലീസ് കോടതിയില്‍ ഹാജരാക്കുന്നതെന്ന് ആലുവ സിഐ അറിയിച്ചു.