കോട്ടയം: ചികില്‍സയിലായിരുന്ന രണ്ടുരോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയിലെ മൂന്നുവാര്‍ഡുകള്‍ താല്‍ക്കാലികമായി അടച്ചു. നാല്, ഏഴ്, എട്ട് വാര്‍ഡുകളാണ് അടച്ചത്. നാളെ അണുനശീകരണം നടത്തിയശേഷം പ്രവര്‍ത്തനം പുനരാരംഭിക്കും.

മൂന്നുവാര്‍ഡുകളിലെയും മറ്റു രോഗികളെയും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. പ്രസവം കഴിഞ്ഞ സ്ത്രീക്കാണ് നാലാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരെ കൊവിഡ് ചികില്‍സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതേ വാര്‍ഡിലെ മറ്റു രോഗികളെ ആറാം വാര്‍ഡില്‍ ക്വാറന്റൈനിലേക്ക് മാറ്റി. മെഡിസിന്‍ വാര്‍ഡില്‍ മൂത്രാശയ സംബന്ധമായി അസുഖത്തിന് ചികില്‍സയിലായിരുന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതെത്തുടര്‍ന്ന് ഏഴ്, എട്ട് വാര്‍ഡുകളും അട്ക്കുകയായിരുന്നു. മറ്റു രോഗികളില്‍ സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെ ക്വാറന്റൈനില്‍ കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു. ബാക്കിയുള്ളവരെ ആശുപത്രിയില്‍തന്നെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്ക പട്ടികയിലുള്ള ഒരു ഡോക്ടറും മൂന്നു ഹൗസ് സര്‍ജന്‍മാരും രണ്ടു സ്റ്റാഫ് നഴ്സുമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.