പൂനെ: ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിന് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. പ്ലാസന്‍്‌റയിലൂടെയാണ് രോഗം പകര്‍ന്നത്. പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയില്‍ നിന്നുമാണ് ഗര്‍ഭസ്ഥ ശിശുവിന് കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ ഇത്തരത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണ് ഇതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

രോഗബാധിതയായ യുവതിയില്‍ നിന്ന് കുഞ്ഞിലേക്ക് മുലപ്പാലിലൂടെയോ മറ്റ് വിധത്തിലുള്ള സമ്ബര്‍ക്കത്തിലൂടെയോ രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പുനെയിലെ സംഭവം ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് പീഡിയാക്രിക് വിഭാഗത്തിലെ ഡോ. ആര്‍തി കിനികര്‍ പറഞ്ഞു. ഇവിടെ പ്ലാസന്‍്‌റയിലൂടെയാണ് രോഗപകര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇവിടെ ഗര്‍ഭിണിയായ യുവതിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ രോഗബാധതയായ യുവതിയെ പ്രസവത്തിന് മുമ്ബ് തന്നെ പരിശോധിച്ചിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കുഞ്ഞ് പിറന്ന ശേഷം പ്ലാസന്‍്‌റയും മറ്റ് ശരീര സ്രവങ്ങളും പരിശോധിച്ചതോടെ ഫലം പോസിറ്റീവായി വന്നു. ഉടന്‍ തന്നെ നവജാത ശിശുവിനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി പരിചരണം നല്‍കി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അമ്മയും കുഞ്ഞും രോഗം ഭേദമായി ആശുപത്രി വിട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭാവസ്ഥയില്‍ തന്നെയാണ് കുഞ്ഞിന് രോഗം ബാധിച്ചതെന്ന് വ്യക്തമായത്.