ന്യൂഡല്‍ഹി : ഓക്സ്ഫോര്‍ഡ് കൊറോണ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിനായി ഇന്ത്യ അഞ്ച് കേന്ദ്രങ്ങളൊരുക്കിയെന്ന് ബയോടെക്നോളജി സെക്രട്ടറി രേണു സ്വരൂപ്. വാക്സിന്‍ രാജ്യത്ത് നല്‍കണമെങ്കില്‍ രാജ്യത്തെ ജനങ്ങളില്‍ പരീക്ഷിച്ചതിന്റെ ഡേറ്റ ആവശ്യമുണ്ടെന്ന് രേണു സ്വരൂപ് വ്യക്തമാക്കി. ഓക്സ്‌ഫോര്‍ഡ് – അസ്ട്രസെനേക്ക കോ വാക്സിന്‍ -19 ന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കാണ് രാജ്യം തയ്യാറെടുക്കുന്നത്.

രാജ്യത്ത് നടക്കുന്ന എല്ലാ കൊറോണ വാക്സിന്‍ പരീക്ഷണങ്ങളിലും നിര്‍മ്മാണത്തിലും നിര്‍ണായക സാന്നിദ്ധ്യമാണ് ഇന്ത്യന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജി. സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. കൊറോണ വാക്സിന്‍ നിര്‍മ്മിക്കുന്ന എല്ലാ മരുന്ന് കമ്ബനികളുമായും നിരന്തരം ബന്ധപ്പെട്ടാണ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്നത്.

ജൂലൈ 20 നാണ് കോ വാക്സിന്‍ 19 ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന് ഗവേഷകര്‍ പ്രഖ്യാപിച്ചത്. 18 നും 55 നും ഇടയില്‍ പ്രായമുള്ള 1077 പേരെയാണ് ആദ്യ ഘട്ട പരീക്ഷണത്തിന് തെരഞ്ഞെടുത്തത്. ഇവര്‍ക്കെല്ലാവര്‍ക്കും കൊറോണ വൈറസിനെതിരെ പൊരുതാന്‍ ശക്തിയുള്ള ആന്റിബോഡി ശരീരത്തിലുണ്ടായെന്നാണ് ‌റിപ്പോര്‍ട്ട്. 56 ദിവസമെങ്കിലും നീണ്ടു നില്‍ക്കുന്ന പ്രതിരോധ ശക്തി ഇവര്‍ക്ക് ലഭ്യമായെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്.

രണ്ടാം ഘട്ടത്തില്‍ നൂറു കണക്കിനു പേര്‍ക്കാണ്‌ ഇത് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. കുട്ടികളേയും പ്രായമുള്ളവരേയും വേറേ വേറെ വിഭാഗങ്ങളായി തിരിച്ചാണ് വാക്സിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് വാക്സിന്‍ നല്‍കി പരീക്ഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് കൊ-വാക്സിന്‍ നിര്‍മ്മാണത്തിന്റെ പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളാണ് ‌പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഒരു മാസം അന്‍പത് ലക്ഷം ഡോസ് വാക്സിന്‍ നിര്‍മ്മിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്.

മരുന്നു പരീക്ഷണം പൂര്‍ണ വിജയമായാല്‍ പത്തുലക്ഷമാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ – ഒക്ടോബറോടെ 4 കോടി ഡോസ് വാക്സിന്‍ നിര്‍മ്മിച്ചു വയ്ക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. മരുന്ന് പരീക്ഷണം എല്ലാ അര്‍ത്ഥത്തിലും വിജയിച്ചാല്‍ ഉടന്‍ തന്നെ നല്‍കി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്ബനി സി.ഇ.ഒ അദാര്‍ പൂനെവാല കൂട്ടിച്ചേര്‍ത്തു